kasaragod local

സാന്ത്വനക്കൂട്ടം നാളെ; 151 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സാഹിത്യ വേദിയും കോട്ടയം മുണ്ടക്കയം സിഎംഎസ്എല്‍പി സ്‌കൂളും സംഘടിപ്പിക്കുന്ന സാന്ത്വനക്കൂട്ടം നാളെ രാവിലെ 10ന് കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
പരിഗണിക്കപ്പെടാതെ പോകുന്ന ദുരിത ബാധിത കുട്ടികളുടെ സര്‍ഗവാസനകള്‍ വികസിപ്പിക്കുന്നതിനും സമൂഹ ശ്രദ്ധ നേടുന്നതിനുമായി ഇവര്‍ രചിച്ച 50 പുസ്തകങ്ങളും മുണ്ടക്കയം സ്‌കൂളിലെ കുട്ടികള്‍ രചിച്ച 100 പുസ്തകങ്ങളും നെഹ്‌റു കോളജിലെ സാഹിത്യവേദി രചിച്ച ഒരു പുസ്തകവും ഉള്‍പ്പെടെ 151 പുസ്തകങ്ങള്‍ ഈ വേദിയില്‍ പ്രകാശനം ചെയ്യും.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ രചനകള്‍ ഇത്രമാത്രം ഒന്നിച്ച് പ്രകാശനം ചെയ്യുന്നതും 151 പുസ്തകങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്യുന്നതും പുസ്തക പ്രകാശന ചരിത്രത്തില്‍ ആദ്യമായിട്ടാണ്. സാന്ത്വനക്കൂട്ടത്തിന്റെ ഉദ്ഘാടനവും സാന്ത്വനനിധി വിതരണവും ചലച്ചിത്ര താരം സുരേഷ് ഗോപി നിര്‍വഹിക്കും. മുണ്ടക്കയം സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് ടി എബ്രഹാം അധ്യക്ഷത വഹിക്കും. പുസ്തക പാടം ഉദ്ഘാടനം പി കരുണാകരന്‍ എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യപ്രഭാഷണം നടത്തും.
മുണ്ടക്കയം സ്‌കൂളിലെ കുട്ടികള്‍ അവധി ദിനങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കണ്ണീര്‍ പള്ളിക്കൂടം എന്ന പാവനാടകം അവതരിപ്പിച്ചാണ് സാന്ത്വന നിധിയ്ക്കാവശ്യമായ പണം ശേഖരിച്ചത്. ഈ പണം ഉപയോഗിച്ച് ജില്ലയിലെ ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ക്കും സ്‌നേഹവീടിനും കുട്ടികളുടെ ഭക്ഷണ-പാചക ആവശ്യത്തിനുള്ള ഉപകരണങ്ങളായ ഫ്രിഡ്ജ്, മിക്‌സി, അലമാര, പ്രഷര്‍കുക്കര്‍, തെര്‍മല്‍ ഫഌസ്‌ക് എന്നിവ സാന്ത്വനക്കൂട്ടത്തില്‍ വിതരണം ചെയ്യും. നാലു ലക്ഷം രൂപയാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നത്.
മുണ്ടക്കയം സ്‌കൂള്‍ ലീഡര്‍ റിമിഷ മറിയം റോണി തന്റെ കാസര്‍കോട് അനുഭവങ്ങള്‍ അവതരിപ്പിക്കും. ഒട്ടനവധി സര്‍ഗവാസനകള്‍ ഉള്ള ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്ക് അവ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്ന സാഹചര്യത്തില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള പ്രതിഭാസംഗമത്തിനും സാന്ത്വനക്കൂട്ടം വേദിയൊരുക്കും.
Next Story

RELATED STORIES

Share it