സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവന: ജമ്മു-കശ്മീര്‍ സഭയില്‍ ബഹളം

ശീനഗര്‍: സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേ ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബഹളം. ഇന്ത്യ മുസ്‌ലിം മുക്തമാക്കാന്‍ സമയമായി എന്ന പ്രാചിയുടെ പ്രസ്താവനയെ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ അപലപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റഷീദാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്.
മുസ്‌ലിം മുക്ത ഇന്ത്യ എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണ്? രാഷ്ട്രം മാറുന്നു എന്നാണോ അര്‍ഥമാക്കുന്നത്? അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും റാഷിദിനെ പിന്തുണച്ചു. 2002ലെ ഗുജറാത്ത് കലാപം ആവര്‍ത്തിക്കാനാണോ ഉദ്ദേശിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ജി എം സന്ദൂറിയുടെ ചോദ്യം. പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നും ഇന്ത്യ എല്ലാ മതസ്ഥരും മതമില്ലാത്തവരും ജീവിക്കുന്ന മതേതര രാഷ്ട്രമാണെന്നും ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.
എന്നാല്‍, പ്രാചിയുടെ പ്രസ്താവനയെ അപലപിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞദിവസം ഉപരിസഭയായ ജമ്മു-കശ്മീര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലും പ്രാചിയുടെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം റൂര്‍ക്കിയിലാണ് പ്രാചി ഇന്ത്യ കോണ്‍ഗ്രസ് മുക്തമാക്കിക്കഴിഞ്ഞുവെന്നും ഇനി മുസ്‌ലിം മുക്തമാക്കാനുള്ള പ്രവൃത്തിയാണ് നടക്കേണ്ടതെന്നും പറഞ്ഞത്.
അതിനിടെ സംസ്ഥാനത്തെ ചില തിരഞ്ഞെടുത്ത ജില്ലകളില്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയെച്ചൊല്ലി സഭയില്‍ പ്രതിഷേധവും ഇറങ്ങിപ്പോക്കും നടന്നു. ചോദ്യോത്തര വേളയില്‍ ബിജെപി എംഎല്‍എ ശക്തിരാജ് പരിഹര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ പരിഗണിച്ചതില്‍ ദോഡ ജില്ലയെ അവഗണിച്ചതായി ആരോപിച്ചു.
ഭരണപക്ഷത്തെ ചില അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിലാണ് സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതെന്ന് യുവജന സ്‌പോര്‍ട്‌സ് മന്ത്രി സുനില്‍കുമാര്‍ ശര്‍മ പറഞ്ഞു.
സ്റ്റേഡിയങ്ങള്‍ ഇല്ലാത്ത സ്ഥലത്തെ കായികരംഗം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഭരണപക്ഷത്തെ രണ്ടംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ധര്‍ണ നടത്തി. ഭരണപക്ഷത്തെ അംഗങ്ങള്‍ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ പ്രതിപക്ഷ അംഗങ്ങളുടേത് എന്താവുമെന്നും സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍ ആരോപിച്ചു. ജമ്മുവിനോടുള്ള വിവേചനത്തെക്കുറിച്ച് ശബ്ദിച്ചിരുന്ന ബിജെപി, അധികാരം നിലനിര്‍ത്താന്‍ അതൊക്കെ മറക്കുകയാണെന്ന് കോണ്‍ഗ്രസ്സിലെ വികാര്‍ റസൂലും ആരോപിച്ചു.
Next Story

RELATED STORIES

Share it