സാധ്വി പ്രാചിക്കെതിരേ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി

തിരുവനന്തപുരം: ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാന്‍ സമയമായെന്ന വിവാദ പ്രസ്താവനയുടെ പേരില്‍ വിഎച്ച്പി നേതാവ് സാധ്വി പ്രാചി—ക്കെതിരേ രാഹുല്‍ ഈശ്വര്‍ പോലിസില്‍ പരാതി നല്‍കി. തിരുവനന്തപുരത്ത് പോലിസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് പരാതി നല്‍കിയതെന്നും കോടതിയിലേക്ക് നീങ്ങുകയാണെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഞാന്‍ ഒരു ഹിന്ദുവാണ്. ഇന്ത്യനാണ്. ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരു വിശ്വാസവുമില്ലാത്തവരും എന്റെ സഹോദരീ സഹോദരന്‍മാരാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്‌ലിം ജനതയുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യം, അവരുടെ വിശ്വാസം എല്ലാം നമ്മുടെ ഉത്തരവാദിത്തം കൂടിയാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. മുസ്‌ലിം വിമുക്ത ഇന്ത്യയല്ല; ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പൂര്‍ണ സ്വാതന്ത്രൃം ലഭിക്കുന്ന ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ പറയുന്നു.
ഭാരതത്തിനു ഇന്ത്യന്‍ മുസ്‌ലിംജനത നല്‍കിയ സംഭാവനകള്‍ വലുതാണ്. സാധ്വി പറഞ്ഞത് മുസ്‌ലി വിരുദ്ധവും ഇന്ത്യാ വിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. ഹിന്ദു ഐക്യം നടത്തേണ്ടത് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും നെഞ്ചത്തോട്ടു കയറിയിട്ടല്ല. ഭൂരിപക്ഷസമൂഹം അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ക്രിസ്ത്യാനികളോ കമ്മ്യൂണിസ്റ്റുകാരോ മുസ്‌ലിംകളോ അല്ല. ശത്രു ഉള്ളില്‍ത്തന്നെയാണ്.
മതസൗഹാര്‍ദത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിനും സാധ്വി പ്രാചിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സാധ്വി ഹിന്ദുക്കള്‍ക്കോ ഇന്ത്യക്കോ പ്രത്യേകിച്ചു ഗുണമൊന്നും ചെയ്യില്ല. കാരണം സാധ്വി പ്രാചി പ്രോ ഹിന്ദു ആവാനല്ല, ആന്റി മുസ്‌ലിമാവാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it