സാധാരണക്കാരെ തൊടാതെ

ന്യൂഡല്‍ഹി:  ജിഎസ്ടി നടപ്പില്‍ വന്നതിനു ശേഷമുള്ള ആദ്യ ഇന്ത്യന്‍ ബജറ്റ് എന്ന നിലയില്‍ ഇത്തവണത്തെ ബജറ്റില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ന്നതായിരുന്നു. ബജറ്റില്‍ മധ്യവര്‍ഗത്തിനു പ്രത്യക്ഷ നികുതിയിനത്തിലും ആദായനികുതിയിലും ഇളവുകളുണ്ടാവുമെന്ന ഊഹം നിലനിന്നിരുന്നു. ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും നികുതിഭാരം കുറയ്ക്കുന്നത് സര്‍ക്കാരിന്റെ മുഖ്യശ്രദ്ധയിലുണ്ടെന്നും ഒരഭിമുഖത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ 1961 മുതല്‍ നിലവിലുണ്ടായിരുന്ന ആദായനികുതി നിയമത്തിനു പകരം പുതിയ (ലളിതമായ) പ്രത്യക്ഷ നികുതി നിയമനിര്‍മാണത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ചെയ്തു. എന്നാല്‍, മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ അരുണ്‍ ജയ്റ്റ്‌ലി ആദായനികുതിയിളവ് പ്രഖ്യാപിച്ചില്ല. 2016-17 കാലയളവില്‍ 1.89 കോടി ശമ്പളവരുമാനക്കാരാണ് ആദായനികുതി റിട്ടേണ്‍ നല്‍കിയത്. ഇവരില്‍ നിന്ന് ലഭിച്ച നികുതിയാകട്ടെ 1.44 ലക്ഷം കോടി രൂപയും. ഇതു പ്രകാരം ശരാശരി ഒരാള്‍ അടച്ച ആദായനികുതി 76,306 രൂപയാണ്. അതേസമയം വ്യവസായികളിലാകട്ടെ 1.88 കോടി പേരാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. ഇവരില്‍ നിന്ന് മൊത്തം ലഭിച്ചതാകട്ടെ 48,000 കോടി രൂപ മാത്രവും. ഇതു പ്രകാരം ഒരാള്‍ ശരാശരി 25,753 രൂപയാണ് നികുതിയായി നല്‍കിയത്. വ്യവസായികളേക്കാള്‍ മികച്ച വരുമാനം ലഭിക്കുന്നത് രാജ്യത്തെ ശമ്പളവരുമാനക്കാര്‍ക്കാണെന്ന തരത്തിലാണ് ധനമന്ത്രി ജയ്റ്റ്‌ലിയുടെ നിരീക്ഷണം. കൃത്യമായി നികുതി അടയ്ക്കാത്തവരുടെയോ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെയോ കണക്കുകള്‍ പരിശോധിക്കാനും നടപടിയെടുക്കാനും പ്രായോഗികമായി ബുദ്ധിമുട്ടുള്ളതിനാലാണ് ശമ്പളവരുമാനക്കാര്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. അതിന് ന്യായീകരണമായി ജയ്റ്റ്‌ലി പറയുന്നത്, കഴിഞ്ഞ മൂന്നു ബജറ്റുകളിലായി വേണ്ടത്ര ആദായനികുതി ആനുകൂല്യം നല്‍കിയിരുന്നുവെന്നാണ്.
Next Story

RELATED STORIES

Share it