thrissur local

സാധനം വാങ്ങാനെന്ന വ്യാജേനെ കടകളില്‍ എത്തുന്ന സംഘം പണം കവരുന്നത് പതിവാകുന്നു; ഇന്നലെ 28000 രൂപ മോഷ്ടിച്ചു

മാള: മേഖലയില്‍ ബൈക്കുകളിലെത്തുന്ന സംഘം കടയുടമകളെ കബളിപ്പിച്ച് മോഷണം നടത്തുന്നത് തുടര്‍ക്കഥയാവുന്നു. ഏറ്റവും ഒടുവിലായി മാള ജനമൈത്രി പോലിസ് സ്‌റ്റേഷന് തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന പലചരക്ക് കടയില്‍ നിന്നും മുപ്പതിനായിരം രൂപയടങ്ങിയ ബാഗ് മോഷ്ടാവ് കവര്‍ന്നിരുന്നു. പോലിസ് സ്‌റ്റേഷന്‍ കോംപൗണ്ടിന് തൊട്ടു ചേര്‍ന്നുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ പലചരക്ക് കട നടത്തുന്ന പഴയാറ്റില്‍ തോമസിന്റെ പണമടങ്ങിയ ബാഗാണ് മോഷ്ടിക്കപ്പെട്ടത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവ് സാധനങ്ങള്‍ വേണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടു. ഇതേ സമയം പോലിസ് കാന്റീനിലെ ജീവനക്കാരി സാധനങ്ങള്‍ എടുക്കുന്നുണ്ടായിരുന്നു. വന്‍തോതിലുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവാവ് നൂറിന്റെ അഞ്ച് നോട്ടുകള്‍ കടയുടമക്ക് നല്‍കി കൊടുത്ത് 500ന്റെ നോട്ട് ആവശ്യപ്പെട്ടു. അ ല്‍പ്പമകലെയിരുന്ന കടയുടമ ബാഗില്‍നിന്നും അഞ്ഞുറിന്റെ നോട്ട് നല്‍കി.
ബാഗ് ശ്രദ്ധിച്ച യുവാവ് സാധനങ്ങള്‍ പെട്ടെന്ന് തരണമെന്നാവശ്യപ്പെട്ടു. തട്ടിലെ സവാള നന്നല്ലെന്നും വേറെ സവാള ഇല്ലേയെന്നും ചോദിച്ചു. കടയുടെ പുറകിലുള്ള ഗോഡൗണില്‍ നിന്നും സവാള എടുക്കാന്‍ പോയ സമയത്താണ് കടയുടെ മുന്നില്‍ നിന്നും അഞ്ച് മീറ്ററോളം അകലത്തിലുള്ള അലമാരയില്‍ വച്ചിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടാവ് കവര്‍ന്നത്. സവാള എടുത്ത് വന്ന കടയുടമയോട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് മോഷ്ടാവ് ബൈക്കില്‍ കടന്നു കളഞ്ഞത്. പിന്നീട് ബാഗ് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സമാനമായ രീതിയില്‍ അന്നമനടയിലും ഇന്നലെ മോഷണം നടന്നു. തൂപ്പേലി അസീസ് നടത്തുന്ന പലചരക്ക് കടയില്‍ നിന്നും 28000 രൂപയാണ് മോഷണം പോയത്. ഇവിടേയും ചില്ലറ ചോദിച്ച് ശ്രദ്ധ മാറ്റിയായിരുന്നു മോഷണം.
മാളയിലെ സംഭവത്തിന് പിന്നാലെ പതിനൊന്നരയോടെയാണ് അന്നമനടയില്‍ മോഷണം നടന്നത്. മാളയില്‍ മോഷണം നടത്തിയ മോഷ്ടാവ് തന്നെയാണ് അന്നമനടയിലും മോഷണം നടത്തിയതെന്നാണ് കരുതുന്നത്. ഇരു കടയുടമകളും മാള പോലിസില്‍ പരാതി നല്‍കി.
ഒരു മാസത്തോളം മുന്‍പ് മാളയിലെ അഞ്ച് കടകളിലും അടുത്ത ദിവസങ്ങളിലായി അഷ്ടമിച്ചിറ, പഴൂക്കര, പൊയ്യ പൂപ്പത്തി, കോട്ടമുറി എന്നിവിടങ്ങളില്‍ സമാന രീതിയില്‍ മോഷണം നടന്നിരുന്നു. മോഷണങ്ങള്‍ തുടര്‍ക്കഥയായിട്ടും പോലിസിന് പ്രതിയെ കുറിച്ചുള്ള യാതൊരു സൂചന പോലും സമ്പാദിക്കാനാവാത്തത് വ്യാപാരികള്‍ക്കിടയിലും മറ്റും വലിയ തോതില്‍ പ്രതിഷേധവും ഭീതിയും ഉയര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it