Gulf

സാദിഖ് കാവിലിന്റെ നോവല്‍ 'ഔട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

ദുബയ്: ദുബയില്‍ മാധ്യമപ്രവര്‍ത്തകനായ സാദിഖ് കാവില്‍ രചിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഔട് പാസ്' എന്ന നോവല്‍ ജര്‍മന്‍ ഭാഷയിലേയ്ക്ക്. ജര്‍മനിയിലെ ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രഫസര്‍ ഡോ.അന്നക്കുട്ടി വലിയമംഗലമാണ് വിവര്‍ത്തനം നിര്‍വഹിക്കുന്നത്. ഇതുസംബന്ധിച്ച് ജര്‍മനിയില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും തീരുമാനമെടുത്തു. തുടര്‍ച്ചയായ മുപ്പത് വര്‍ഷത്തോളം വീടും നാടുമായുള്ള ബന്ധമില്ലാതെ ഗള്‍ഫില്‍ അനധികൃത ജീവിതം നയിച്ച കുഞ്ഞാച്ചയുടെ കഥയാണ് ''ഔട് പാസ്' പറയുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷബാധയ്‌ക്കെതിരെയുള്ള സന്ദേശവും നോവല്‍ നല്‍കുന്നു. ഇതിനകം രണ്ട് എഡിഷന്‍ പൂര്‍ത്തിയാക്കിയ 'ഔട് പാസ്' പ്രവാസ ലോകത്ത് നിന്നുള്ള രചനകളില്‍ 'ആടുജീവിത'ത്തിന് ശേഷം ശ്രദ്ധേയമായ നോവലാണ്. ഒ.എന്‍.വി, കെ.സചിദാനന്ദന്‍ കവിതകള്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍ എന്നിവരുടെ കഥകള്‍ തുടങ്ങിയവ ജര്‍മന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള !ഡോ.അന്നക്കുട്ടി വലിയമംഗലം മലയാളത്തിലും ജര്‍മന്‍ ഭാഷയിലും കവിതകളെഴുതുന്നു. ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജര്‍മന്‍ സാഹിത്യത്തില്‍ ബിരുദാനന്തബിരുദം ഒന്നാം റാങ്കോടെ നേടിയിട്ടുള്ള ഈ മുന്‍ അധ്യാപിക സാഹിത്യ രചനയ്ക്കും ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഗള്‍ഫ് പ്രവാസ ജീവിതത്തിന്റെ പുതിയ വാതായനമാണ് 'ഔട് പാസ്' തുറന്നുതരുന്നതെന്നും അതാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും ജര്‍മനിയില്‍ താമസിക്കുന്ന കോട്ടയം കളത്തുകടവ് സ്വദേശിനിയായ ഡോ.അന്നക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it