സാദിക്കലി ഗുരുവായൂരില്‍ നിന്ന് പിന്‍മാറുന്നു

കെ എം അക്ബര്‍

ചാവക്കാട്: വിജയം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഗുരുവായൂരില്‍ മല്‍സരിക്കേെണ്ടന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിക്കലിയുടെ തീരുമാനം. ഇതോടെ മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായി.
സി എച്ച് റഷീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ ധാരണയായിരുന്നുവെങ്കിലും ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സാദിക്കലിയുടെ പേരില്ലാതായതോടെയാണ് ഗുരുവായൂരില്‍ സാദിക്കലി മല്‍സരിച്ചേക്കുമെന്ന പ്രചാരണം ശക്തമായത്. വിജയപ്രതീക്ഷയുള്ള സീറ്റ് നല്‍കണമെന്നാണ് യൂത്ത് ലീഗ് നേതൃത്വം ലീഗ് നേതാക്കളെ അറിയിച്ചത്. എന്നാല്‍, വിജയപ്രതീക്ഷയുള്ള സീറ്റുകളില്‍ വനിതാ ലീഗ്, എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ക്കള്‍ക്ക് പുറമെ യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നില്ല. യൂത്ത് ലീഗ്, വനിതാ ലീഗ്, എംഎസ്എഫ് സംസ്ഥാന നേതാക്കളാരും തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് സാദിക്കലിയുടെ പിന്‍മാറ്റം നല്‍കുന്ന സൂചന.
2006ലെ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ സി എച്ച് റഷീദ് മല്‍സരിച്ചിരുെന്നങ്കിലും സിപിഎമ്മിലെ കെ വി അബ്ദുല്‍ ഖാദറിനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് 2011ല്‍ നടന്ന തിരഞ്ഞെടുപ്പിലും റഷീദ് തന്നെ മല്‍സരിച്ചേക്കുമെന്ന് പ്രചാരണമുയര്‍ന്നെങ്കിലും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അഷ്‌റഫ് കോക്കൂരാണ് സ്ഥാനാര്‍ഥിയായത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ അഷറഫ് കോക്കൂരിനും അബ്ദുല്‍ ഖാദറിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. രണ്ടു തവണ തോല്‍വി പിണഞ്ഞ മണ്ഡലം ഇത്തവണ സി എച്ച് റഷീദിന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം.
Next Story

RELATED STORIES

Share it