Second edit

സാദത്ത് ഹസന്‍ മണ്‍ടു



പ്രശസ്ത ഉര്‍ദു എഴുത്തുകാരനായ സാദത്ത് ഹസന്‍ മണ്‍ടു മരിച്ചിട്ട് 55 വര്‍ഷം കഴിഞ്ഞു. 1912ലാണ് അദ്ദേഹം ജനിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും മണ്‍ടു സാഹിത്യപ്രേമികള്‍ക്കിടയില്‍ തിളക്കം ഒട്ടും കുറയാതെ ജീവിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി നിര്‍മിക്കുന്ന മണ്‍ടു എന്ന സിനിമ തെളിയിക്കുന്നത്. നന്ദിതാദാസ് ആണ് ചിത്രത്തിന്റെ സംവിധായിക. മണ്‍ടുവായി നവാസുദ്ദീന്‍ സിദ്ദീഖിയും ഭാര്യയായി രസികാ ദുഗ്ഗലും അഭിനയിക്കുന്നു. ജൂണില്‍ ചിത്രം പൂര്‍ത്തിയാവും. ഈയിടെ കാന്‍ ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കാണിക്കുകയുണ്ടായി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന സാഹിത്യ ജീവിതകാലത്ത് 250ലധികം കഥകളും ഒട്ടേറെ റേഡിയോ നാടകങ്ങളും സിനിമാ തിരക്കഥകളും രചിച്ച മണ്‍ടു വിഭജനാനന്തരം പാകിസ്താനിലേക്കു പോയി. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് മൂന്നു തവണയും പാകിസ്താനില്‍ വച്ച് മൂന്നു തവണയും അശ്ലീല രചനയുടെ പേരില്‍ മണ്‍ടു വിചാരണ നേരിടേണ്ടിവന്നിട്ടുണ്ട്. ദുരിതമയമായിരുന്നു അവസാനകാലത്ത് ലോകം കണ്ട ഏറ്റവും മികച്ച കഥാകാരന്‍മാരിലൊരാളായ അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യാവിഭജനം ദേശമനസ്സില്‍ ഏല്‍പിച്ച മുറിവുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം മികച്ച ധാരാളം കഥകളെഴുതിയിട്ടുണ്ട്. സത്യം തുറന്നുപറഞ്ഞു എന്നതായിരുന്നു മണ്‍ടുവിന്റെ പ്രത്യേകത. സത്യാനന്തരകാലത്ത് മണ്‍ടു പ്രസക്തനാവുന്നത് ഈ സത്യംപറച്ചിലിന്റെ പേരില്‍ തന്നെയാവും.
Next Story

RELATED STORIES

Share it