സാജന്‍ സ്‌കറിയ; ഓസ്‌കറില്‍ വീണ്ടും മലയാളിത്തിളക്കം

ലോസ് ആഞ്ചലസ്: റസൂല്‍ പൂക്കുട്ടിക്കു ശേഷം ഓസ്‌കറില്‍ വീണ്ടും മലയാളിത്തിളക്കം. ഇന്‍സൈഡ് ഔട്ട് എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി സാജന്‍ സ്‌കറിയ 88ാമത് അക്കാദമി അവാര്‍ഡില്‍ ഇടംനേടി. മികച്ച ആനിമേഷന്‍ ചിത്രമായി ഇന്‍സൈഡ് ഔട്ട് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ കഥാപാത്ര ചിത്രീകരണ മേല്‍നോട്ടം വഹിച്ചതും സാജന്‍ തന്നെ.
കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനു ശേഷം ആനിമേഷന്‍ രംഗത്തേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ ഹള്‍ട്ട് സിഡ്‌നി കമ്പനിക്കു കീഴിലെ പിക്ചര്‍ ആനിമേഷന്‍ സ്റ്റുഡിയോയില്‍ കാരക്ടര്‍ സൂപ്പര്‍വൈസറാണ്. ഹോളിവുഡില്‍ ഇതിനകം ഏഴു സിനിമകള്‍ക്ക് കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്. കുട്ടികളുടെ മനോവികാരങ്ങളെ രസകരമായി വിശകലനം ചെയ്യുന്ന ചിത്രമാണ് 'ഇന്‍സൈഡ് ഔട്ട്'. പീറ്റ് ഡോക്ടെര്‍, റോണി ഡെല്‍ കാര്‍മന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രം കഴിഞ്ഞ മെയ് മാസമാണ് പ്രദര്‍ശനത്തിനെത്തിയത്. സന്തോഷം, ദുഖം, ഭയം, കോപം, വെറുപ്പ് എന്നീ വികാരങ്ങളെ റൈലി ആന്‍ഡേഴ്‌സണ്‍ എന്ന ആനിമേഷന്‍ കഥാപാത്രത്തിലൂടെ വളരെ മനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സാജനെ കൂടാതെ ഇന്‍സൈഡ് ഔട്ടിലെ ആനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച എല്ലാവരും പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു.അതേസമയം, ഇന്തോ-ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ആസിഫ് കപാഡിയയുടെ അമി മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കറിന് അര്‍ഹമായി.
Next Story

RELATED STORIES

Share it