malappuram local

സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങി

മലപ്പുറം: മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഫീഷറീസ് വകുപ്പ് നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച സാഗര പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മല്‍സ്യബന്ധനത്തിന് കടലില്‍ പോവുന്നതും തിരികെ വരുന്നതുമായ മല്‍സ്യബന്ധന യാനങ്ങളുടെയും മല്‍സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനമാണ് സാഗര. മുഴുവന്‍ മല്‍സ്യത്തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് സാഗര ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ മെച്ചപ്പെട്ട നിലയില്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. പൊന്നാനി, പുറത്തൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫെസിലിറേറ്റര്‍മാരെ ഇതിനായി നിയോഗിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് സംവിധാനത്തെക്കുറിച്ച് പരിജ്ഞാനം നല്‍കുന്നതിനും സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഫിഷറീസ് വകുപ്പ് ടാബ് നല്‍കും.
മൊബൈല്‍ ആപ്പ് സംവിധാനത്തെ ഫിഷറീസ് വകുപ്പ് ഓഫിസിന് പുറമെ കോസ്റ്റല്‍ പോലിസ്, കോസ്റ്റ് ഗാര്‍ഡ്, നേവി എന്നീ വിഭാഗങ്ങളുമായും ബന്ധിപ്പിക്കും. അവശ്യഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിനും ആപ്പ് സഹായകമാവും.
പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും സാഗര ആന്‍ഡ്രോയിഡ് ആപ്പിന്റെ സേവനം ലഭ്യമാവും.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മല്‍സ്യത്തൊഴിലാളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാഗര ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയത്. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ നിര്‍വഹിച്ചു. പഞ്ചായത്തംഗം കെ കെ വാഹിദ അധ്യക്ഷത വഹിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, മല്‍സ്യഭവന്‍ ഓഫിസര്‍ ബി സുരേഷ് ബാബു സംസാരിച്ചു. മല്‍സ്യഫെഡ്, ക്ഷേമനിധി ബോര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.
മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനവും ആവശ്യകതയും സംബന്ധിച്ച് മല്‍സ്യത്തൊഴിലാളികളില്‍ അവബോധമുണ്ടാക്കാന്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it