thiruvananthapuram local

സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി; പോലിസ് പ്രതികളുമായി ഒത്തു കളിക്കുന്നുവെന്ന് ആക്ഷേപം

തിരുവനന്തപുരം: കിളിമാനൂര്‍ ഊമന്‍ പള്ളിക്കര മാടന്‍നട ക്ഷേത്ര ഭാരവാഹി ഗോപിനാഥനെ ക്ഷേത്ര കോംപൗണ്ടില്‍ കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇന്നലെ ദൃക്‌സാക്ഷികള്‍ അടക്കം അഞ്ചു സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. ദൃക്‌സാക്ഷികളും മഹസര്‍ സാക്ഷികളും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടത്തിയ വിചാരണാ റിപോര്‍ട്ടിലെ സാക്ഷികളുമായ ബിജു, വിജയന്‍, അനില്‍കുമാര്‍, വിജയകുമാര്‍, ഗീതാഞ്ജലി എന്നിവരാണ് ആദ്യ പോലിസ് മൊഴി വിചാരണയില്‍ തിരുത്തിയത്. നേരത്തേ ദൃക് സാക്ഷികളായ അഡീ. എസ്‌ഐ സുഹോത്രനും ക്ഷേത്ര കമ്മറ്റി സെക്രട്ടറി ലോഹിതദാസും കൂറുമാറിയിരുന്നു.
ഇതോടെ കേസ് വിചാരണ കിളിമാനൂര്‍ പോലിസ് അട്ടിമറിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധാരണ കേസ് വിചാരണ തിയ്യതിക്ക് മുമ്പായി സാക്ഷികളെ മൊഴി വായിച്ച് മനസ്സിലാക്കിക്കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍ ഈ കേസില്‍ പോലിസ് അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതാണ് കൂട്ടത്തോടെയുള്ള മൊഴി മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. ആദ്യ രണ്ട് സാക്ഷികള്‍ കൂറുമാറിയെന്ന മാധ്യമ വാര്‍ത്തയെത്തുടര്‍ന്ന് വിചാരണ നിരീക്ഷിക്കാന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ എത്തിയെങ്കിലും ഉച്ചയോടെ അദ്ദേഹം പോലിസ് ജീപ്പില്‍ സ്ഥലം വിട്ടു.
പ്രതികളുടെ ആക്രമണത്തില്‍ 2010 ഏപ്രില്‍ 19ന് രാവിലെ 9.30 ഓടെ തലച്ചോറിന് ക്ഷതമേറ്റ് കോമാ അവസ്ഥയിലായ ഗോപിനാഥന്‍ സംസാര ചലന ശേഷി നഷ്ടപ്പെട്ട് മൂന്നു വര്‍ഷം കഴിഞ്ഞ് 2013 ഓഗസ്ത് 12ന് മരണപ്പെട്ടു. തുടര്‍ന്ന് 2013 ല്‍ ഗോപിനാഥന്‍ മരിച്ചതോടെ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം കൊലപാതകത്തിന് 2016 മാര്‍ച്ച് എട്ടിന് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളും സമന്വയിപ്പിച്ച് കൊലക്കേസായാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്. അനില്‍കുമാര്‍, രവി രാജന്‍, കുമാര്‍ എന്ന അനില്‍കുമാര്‍, തുളസി എന്ന ചക്കക്കുരു ഇളസി, സുന്ദരന്‍, സുരേന്ദ്രന്‍, മുകേഷ്, അനില്‍ എന്ന കുങ്കന്‍, വിജയന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it