സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചെന്ന് അന്വേഷണസംഘം

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം.
ജലന്ധര്‍ രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുംപുറം, സിഎംഐ സഭ കുര്യനാട് ആശ്രമത്തിലെ മുന്‍ അധികാരി ഫാ. ജയിംസ് ഏര്‍ത്തയില്‍ എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫാ. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ ഒരു ഹോട്ടലില്‍ തങ്ങി സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമം നടത്തിയെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ക്ക് മൊഴി പഠിപ്പിക്കാന്‍ പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പോലിസ് ഹോട്ടലില്‍ വിശദമായ പരിശോധന നടത്തി. ഇയാള്‍ ഹോട്ടലില്‍ തങ്ങിയതിനുള്ള തെളിവായി അന്നേ ദിവസത്തെ താമസരേഖകള്‍ അടക്കം പോലിസ് പിടിച്ചെടുത്തതായാണ് വിവരം.
ജലന്ധര്‍ രൂപതയിലെ പ്രബലനും ബിഷപ് ഫ്രാങ്കോയുടെ വിശ്വസ്തനുമാണ് ഫാ. പീറ്റര്‍ കാവുംപുറം. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ സ്വാധീനിക്കാ ന്‍ ശ്രമിച്ചെന്ന പരാതിയില്‍ നിയമനടപടിക്ക് വിധേയനായ വ്യക്തിയാണ് ഫാ. ജയിംസ് ഏര്‍ത്തയില്‍.
ശബ്ദരേഖ സഹിതമുള്ള തെളിവുകള്‍ പുറത്തുവന്നതോടെ പോലിസ് കേസെടുത്ത സാഹചര്യത്തില്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യം തേടി. എന്നാല്‍, കേസില്‍ രണ്ടാമത് ചോദ്യംചെയ്തപ്പോള്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഏര്‍ത്തയില്‍ കുറ്റസമ്മതം നടത്തിയത് കേസില്‍ നിര്‍ണായകമാവും. അതേസമയം, ബിഷപ്പിനെതിരായ പീഡനക്കേസില്‍ കോട്ടയത്തിനു പുറത്ത് മൂന്നു ജില്ലകളില്‍ പോലിസ് സംഘം തെളിവുശേഖരണം തുടരുകയാണ്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
എറണാകുളം, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it