thrissur local

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഫാഷിസ്റ്റ് അജണ്ടകളെ നേരിടാനുള്ള കരുത്ത് പകരും



തൃശൂര്‍: കേരള ലളിതകലാ അക്കാദമി പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ബീഫ് നിരോധനം പോലുള്ള ഫാഷിസ്റ്റ് അജണ്ടകളെ നേരിടാനുള്ള കരുത്ത് പകരുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ചിത്രകലാകരകൗശല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശു ഉള്‍പ്പെടെയുള്ള കന്നുകാലികളുടെ വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിലൂടെ ഒരു വശത്ത് വര്‍ഗീയ അജണ്ട നടപ്പാക്കുകയും മറു വശത്ത് ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. സാംസ്‌കാരിക രംഗത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളെ നേരിടാന്‍ സാംസ്‌കാരിക സ്ഥാപനങ്ങളെ പ്രാപ്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി കലാപരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പി കെ ബിജു എംപി, കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, അസിസ്റ്റന്‍ കളക്ടര്‍ വിനയ് ഗോയല്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it