സാംസ്‌കാരിക ഫാഷിസം ചെറുക്കാന്‍ കൂട്ടായ്മകള്‍ രൂപപ്പെടണം

മലപ്പുറം: ജാതീയതയുടെ വക്താക്കള്‍ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര കൂട്ടായ്മകള്‍ രൂപപ്പെടുത്തണമെന്ന് പ്രശസ്ത സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാം പുനിയാനി. മലപ്പുറത്ത് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ദേശീയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളെ ശാസ്ത്രീയ സത്യങ്ങളെപ്പോലെ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രി പോലും ശ്രമിക്കുന്നത്. പഴയ ചാതുര്‍വര്‍ണ്യ -ജന്മിത്വ വ്യവസ്ഥ തിരികെക്കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ രണ്ടു തരം ശക്തികളാണ് ഉള്ളത്. ജാതീയതയുടെ പേരില്‍ സംഘടിച്ചവരും പുരോഗമന മതേതര ശക്തികളും. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം വര്‍ഗീയ ഫാഷിസ്റ്റ് ചേരി ശക്തമായിരിക്കുകയാണ്. ആഗോള ഭീകരതയെ ഇന്ത്യയിലെ ന്യൂനപക്ഷ പ്രശ്‌നങ്ങളോട് തുലനം ചെയ്യാന്‍ പാടില്ല. അഫ്ഗാന്‍, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നടക്കുന്നത് അമേരിക്കന്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണങ്ങളാണ്. സാമ്രാജ്യത്വ താല്‍പര്യങ്ങളാണ് ഇത്തരം ഇടപെടലുക—ളുടെ പിന്നിലെന്ന് ഹിലാരി ക്ലിന്റന്‍ എഴുതിയ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പ്രയാസപ്പെടുത്തുന്നതിന് ആഗോള ഭീകരത ന്യായമാക്കാന്‍ പറ്റില്ല. മതാധിഷ്ഠിത അന്ധവിശ്വാസങ്ങള്‍കൊണ്ട് ചരിത്രത്തെ അപനിര്‍മിക്കാനാണ് കഴിഞ്ഞ ഒന്നര വര്‍ഷംകൊണ്ട് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചലച്ചിത്ര പ്രതിഭകള്‍ ധാരാളമുള്ള ഇന്ത്യയില്‍ മൂന്നാംകിട സീരിയല്‍ രംഗത്തെ ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലവനാക്കിയത് സാംസ്‌കാരികമായ അധിനിവേശം സാധ്യമാക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മേധാവിയായി നിയമിച്ചയാള്‍ ഒരു റിസര്‍ച് പേപ്പര്‍ പോലും സമര്‍പ്പിക്കാത്ത വ്യക്തിയാണ്. ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ഇത്തരം തിരുകിക്കയറ്റലുകള്‍. രാഷ്ട്രപതിയും റിസര്‍വ് ബാങ്ക് ഡയറക്ടറും പ്രിയങ്ക ചോപ്രയുമെല്ലാം അസഹിഷ്ണുതക്കെതിരേ സംസാരിച്ചിട്ടുണ്ട്. അതേ കാര്യം അമീര്‍ഖാനും ഷാരൂഖ് ഖാനും പറഞ്ഞപ്പോഴാണ് വലിയ പ്രശ്‌നങ്ങള്‍ക്കിടയായത്. അവര്‍ക്ക് ഹിന്ദു പേരുകളില്ല എന്നതാണ് അതിന് കാരണം. അസഹിഷ്ണുതയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്.
ദേശീയതയ്ക്കും മതേതരത്വത്തിനുംവേണ്ടി നിലകൊള്ളുന്നവര്‍ ദുര്‍ബലമാവുന്നു. കേരളത്തെപ്പോലെ മതേതര മൂല്യങ്ങള്‍ വിലമതിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാക്കണം. അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാലക്കീഴ് നാരായണന്‍, സി വാസുദേവന്‍ എന്നീ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ പി ഉബൈദുല്ല എംഎല്‍എ ആദരിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് അഡ്വ. കെ മോഹന്‍ ദാസ്, എന്‍ പ്രമോദ് ദാസ്, വിവിധ സെഷനുകളില്‍ കെ പി രമണന്‍, കീഴാറ്റൂര്‍ അനിയന്‍, ബഷീര്‍ ഹുസൈന്‍ തങ്ങള്‍, കെ ഗോപാലന്‍ കുട്ടി, എ പി അഹമ്മദ്, കെ പി മധു സംസാരിച്ചു.
Next Story

RELATED STORIES

Share it