kozhikode local

സാംസ്‌കാരിക പ്രവര്‍ത്തകരുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകരേയും എഴുത്തുകാരേയും കള്ളക്കേസില്‍പെടുത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് നടന്ന പരിപാടി കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തെ തുടച്ചുമാറ്റി ഹൈന്ദവ ഫാഷിസം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് മോദിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ സര്‍ഗ്ഗാത്മകമായി പ്രതികരിക്കുന്നവരുടെ ജീവനെടുത്തും, കള്ളക്കേസുകള്‍ ചാര്‍ത്തിയും ഭിന്ന സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ ചിന്തയുടെ പുതിയ ആവിഷ്‌കാരിയാണ് രാജ്യം ഭരിക്കുന്ന മോദിയെന്ന് ഇടത് ചിന്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഇതാണ് വ്യക്തമാക്കിത്തരുന്നത്. ഈ വിഭാഗങ്ങള്‍ക്കെതിരെ കലാപത്തിന് നേതൃത്വം കൊടുത്ത ഹൈന്ദവ സംഘങ്ങള്‍ക്കെതിരെ യാതൊരുവിധ കേസെടുക്കാനും തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍, മനുഷ്യാവകാശ ജനാധിപത്യ നിലപാടുകാരെ വേട്ടയാടുകയാണ്. സംവാദത്തിന്റെ ഭാഷപോലും മനിലമാക്കുകയാണ് സംഘപരിവാരം ചെയ്യുന്നത്. സഖാവേ എന്ന അഭിസംബോധന പോലും രാജ്യവിരുദ്ധമായി കാണുകയാണ്.
ആശയങ്ങളും ആദര്‍ശങ്ങളും അനുവദിക്കാതെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് നവമാധ്യമങ്ങളില്‍ കേരളത്തിലെ 20 സാംസ്‌കാരിക പ്രവര്‍ത്തകരെ സാംസ്‌കാരിക നായ്ക്കള്‍ എന്നാണ് സംഘപരിവാരം വിശേഷിപ്പിച്ചത്. പ്രളയസമയത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍, ഈ സാംസ്‌കാരിക നായ്ക്കളെ വെള്ളത്തില്‍ കണ്ടാല്‍ രക്ഷപ്പെടുത്തരുതെന്നും പറയുന്നു. സംവാദത്തിന്റെ ഭാഷപോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വില്‍സണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഡോ. പി കെ പോക്കര്‍, ഡോ.വി സുകുമാരന്‍, ഡോ. യു ഹേമന്ത്് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it