Flash News

സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരാവരുത് : ദിശ



കോഴിക്കോട്: കേരളത്തിലെ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഫാഷിസ്റ്റുകളുടെ നാവായി മാറുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണെന്ന് ദിശ സാംസ്‌കാരിക വേദി. നേരത്തേ തങ്ങളുടെ സിനിമകളിലൂടെ ഹിന്ദുത്വ അജണ്ടകള്‍ ഒളിച്ചു കടത്തിയിരുന്ന സംവിധായകരായ മേജര്‍ രവിയെയും പ്രിയദര്‍ശനെയും പോലുള്ളവര്‍ ആര്‍എസ്എസിന്റെ അതേ ഭാഷയില്‍ തുറന്നു സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പറയാനും ആവിഷ്‌കരിക്കാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടി പോരാടേണ്ട കലാകാരന്മാര്‍ അത്തരം അവകാശങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്ന സംഘപരിവാരത്തിന് വേണ്ടി പേനയും നാവും ചലിപ്പിക്കുന്നത് വിരോധാഭാസമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ഗോവിന്ദ പന്‍സാരയ്ക്കും ധബോല്‍ക്കര്‍ക്കും കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും  വധശിക്ഷ വിധിച്ചവരും പെരുമാള്‍ മുരുകനും എം ടി വാസുദേവന്‍ നായര്‍ക്കുമെതിരേ വാളോങ്ങിയവരുമാണ് സംഘപരിവാരം. ഇത്തരക്കാര്‍ക്കു വേണ്ടി കുഴലൂത്ത് നടത്തുന്നവരെ മതേതര കേരളം ഒറ്റപ്പെടുത്തണമെന്നും ദിശ സാംസ്‌കാരിക വേദി പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it