സാംസ്‌കാരികോല്‍സവം തുടങ്ങി; യമുനാ തീരത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക സാംസ്‌കാരികോല്‍സവത്തിന് യമുനാതീരത്ത് തിരശ്ശീല ഉയര്‍ന്നു. മൂന്നു ദിവസം നീളുന്ന സാംസ്‌കാരികോല്‍സവത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തു.
കണ്‍ട്രോള്‍ റൂമുകള്‍, പ്രത്യേക പോലിസ് വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, ട്രാഫിക് വിഭാഗം, ക്രൈംബ്രാഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയെ യമുനാതീരത്ത് വിന്യസിച്ചിട്ടുണ്ട്.
ചടങ്ങ് നടക്കുന്ന സ്ഥലത്ത് സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ ദീപക് മിശ്ര വിളിച്ചുകൂട്ടിയ സുരക്ഷാ വിഭാഗത്തിന്റെ യോഗത്തില്‍ ഡല്‍ഹിയിലെ ഉന്നത പോലിസ് മേധാവികള്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും മറ്റു വിഐപികളും പങ്കെടുത്ത ചടങ്ങില്‍ ബഹുതല സുരക്ഷാ സംവിധാനമായിരുന്നു.
ഡല്‍ഹി പോലിസിനു പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗവും പങ്കെടുത്തു. കാമറ സ്ഥാപിച്ച് വേദിയുടെ എല്ലാ മൂലകളിലും നിരീക്ഷണം നടത്തുന്നതിന് ജോയിന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനം ഏകോപിപ്പിച്ചു.
ചടങ്ങിനെത്തുന്ന അതിഥികള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ 500 പോലിസുകാരെയും നിയമിച്ചു. ഡല്‍ഹി ട്രാഫിക് പോലിസിലെ 4000 ഉദ്യോഗസ്ഥര്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ദ്രുത പ്രതികരണ സേന, പ്രത്യേക ആയുധ വിഭാഗം, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it