സാംപിള്‍ പരിശോധനയ്ക്ക് അയച്ച 21 പേര്‍ക്കു നിപായില്ല

കോഴിക്കോട്/ തിരുവനന്തപുരം: 12 പേരുടെ മരണത്തിനു കാരണമായ നിപാ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷിനേതാക്കളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. തീവ്രമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മാത്രമാണ് നിപാ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ലഭിച്ച 21 സാംപിളുകളുടെ പരിശോധനാ റിപോര്‍ട്ടും നെഗറ്റീവാണ്. പോസിറ്റീവായി കാണപ്പെട്ട മൂന്നു പേര്‍ ചികില്‍സയിലാണ്.
രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ മരണത്തോടെ നിപാ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ സാധിച്ചു. നിപാ വൈറസിനെതിരേ പ്രതിരോധ മരുന്ന് കേരളത്തില്‍ തന്നെ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം നടത്തും.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പിന്തുണയോടെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ശാസ്ത്രജ്ഞരുടെയും അമേരിക്കന്‍ ശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ ഗവേഷണം നടത്തും. ലോകാരോഗ്യ സംഘടനകളുടെ പിന്തുണയോടെയാണിതെന്നും മന്ത്രി പറഞ്ഞു.   അതിനിടെ 11 പേരുടെ മരണം മാത്രമാണ് നിപാ വൈറസ് മൂലമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നു പേര്‍ ചികില്‍സയിലുണ്ട്.
അതേ€സമയം, നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ആസ്‌ത്രേലിയയില്‍ വികസിപ്പിച്ച മരുന്ന് ഇന്ത്യയിലെത്തി. ഇത് ഉടനെ സംസ്ഥാനത്ത് നിപ ബാധിതരായ രോഗികള്‍ക്ക് കൊടുത്തുതുടങ്ങും. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന മരുന്നിന്റെ 50 ഡോസാണ് എത്തിയത്.  ഈ മരുന്ന് ഇതുവരെ പൂര്‍ണമായും പരീക്ഷിച്ചിട്ടില്ല. അതിനാല്‍, ഇതിനു പേറ്റന്റും ലഭിച്ചിട്ടില്ല. ആസ്‌ത്രേലിയയില്‍ 15 പേരില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായിരുന്നതിനാലാണ് മരുന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഈ മരുന്നിന്റെ കൂടുതല്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അടക്കം അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മരുന്ന് വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വിദഗ്ധരെ അണിനിരത്തിയായിരിക്കും ഗവേഷണം.
Next Story

RELATED STORIES

Share it