kannur local

സഹ അധ്യാപകരുടെ പിഎഫ് ലോണ്‍ തട്ടിയെടുത്ത പ്രധാനാധ്യാപകന് തടവ്

തലശ്ശേരി: സഹ അധ്യാപകരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ലോണില്‍ കൃത്രിമം കാട്ടിയ കേസില്‍ പ്രധാനാധ്യാപകന് രണ്ടുവര്‍ഷം വീതം തടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും തലശ്ശേരി വിജിലന്‍സ് ജഡ്ജി കെ ബൈജുനാഥ് ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. കാസര്‍കോട് മേല്‍പ്പറമ്പ് കീഴൂര്‍ ഗവ. യുപി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകന്‍ എം ജെ ജോസിനെയാണ് കോടതി ശിക്ഷിച്ചത്.
സ്‌കൂളിലെ ചില  അധ്യാപകര്‍ പ്രധാനാധ്യാപകന്‍ മുഖേന ഇപിഎഫ് വായ്പയ്ക്കായി അപേക്ഷ നല്‍കിയിരുന്നു. ഇതുപ്രകാരം അനുവദിച്ചുകിട്ടിയ വന്‍ തുക അപേക്ഷകര്‍ക്ക് നല്‍കാതെ എം ജെ ജോസ് കൈക്കലാക്കിയെന്നാണു കേസ്.
തട്ടിപ്പിനിരയായ അധ്യാപകര്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ 2002ലാണ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു കേസുകളാണ് വിജിലന്‍സ് കോടതി പരിഗണിച്ചത്. ഒരുകേസില്‍ ഇയാളെ കുറ്റവിമുക്തനാക്കി.
മറ്റു മൂന്നുകേസുകളില്‍ രണ്ടുവര്‍ഷം വീതമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ഇതിനു പുറമെ രണ്ടു കേസുകളില്‍ വിചാരണ നടക്കാനുണ്ട്. 54,010 രൂപ, 107034 രൂപ, 76,444 രൂപ, 52,579 രൂപ ഉള്‍പ്പെടെ മൂന്നേകാല്‍ ലക്ഷം രൂപയുടെ ഇപിഎഫ് തുകയാണ് ഇയാള്‍ കൈക്കലാക്കിയത്. സ്‌കൂളിന് ശൗച്യാലയം പണിയുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഫണ്ടിലും പ്രധാനാധ്യാപകന്‍ തിരിമറി നടത്തിയതായി കേസുണ്ട്.
Next Story

RELATED STORIES

Share it