Flash News

സഹോദരന് വെടിയേറ്റിട്ടും പോലിസ് സഹായിച്ചില്ല: ഡോ.കഫീല്‍ ഖാന്‍

ലഖ്‌നോ: സഹോദരനു നേരെ വധശ്രമമുണ്ടായപ്പോള്‍ പോലിസ് സഹായിച്ചില്ലെന്ന ആരോപണവുമായി ഡോ. കഫീല്‍ ഖാന്‍. സഹോദരനെ ആശുപത്രിയില്‍ എത്തിക്കുന്നതിലും ചികില്‍സ ലഭ്യമാക്കുന്നതിലും പോലിസ് അലംഭാവം കാണിച്ചെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കഫീലിന്റെ സഹോദരന്‍ കാശിഫ് ജമീലി (35)ന് അജ്ഞാതരുടെ വെടിയേറ്റത്. കഴുത്തിലും ചുമലിലും കാലിലുമായി മൂന്നു വെടിയുണ്ടകള്‍ ഏറ്റ കാശിഫ് ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുകയാണ്.
സംഭവം നടന്ന സ്ഥലത്തിന് ഏതാനും മീറ്റര്‍ ദൂരെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുണ്ടായിരുന്നതായി കഫീല്‍ ഖാന്‍ പറയുന്നു. അതിനോടനുബന്ധിച്ചുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും കാണാതെയാണ് രണ്ടു പേര്‍ തോക്കുമായെത്തിയത്. കാശിഫിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു പോലിസുകാരന്‍ പോലും സഹായിച്ചില്ലെന്നും ഓട്ടോറിക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതെന്നും കഫീല്‍ ഖാന്‍ അറിയിച്ചിരുന്നു.
പോലിസിന്റെ പിടിവാശി മൂലം കാശിഫിനെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റിക്കളിച്ചതായി ഇദ്ദേഹം ആരോപിച്ചു. ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ നഴ്‌സിങ് ഹോമില്‍ നിന്നു തന്റെ സുഹൃത്തായ ന്യൂറോ സര്‍ജനുള്ള മറ്റൊരു ആശുപത്രിയിലേക്ക് സഹോദരനെ മാറ്റാന്‍ കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടെങ്കിലും പോലിസ് സമ്മതിച്ചില്ല. സര്‍ദാര്‍ ഹോസ്പിറ്റലിലേക്കും പിന്നീട് ബിആര്‍ഡി മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകാനാണ് പോലിസ് നിര്‍ദേശിച്ചത്.
എന്നാല്‍, ബിആര്‍ഡിയിലെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചപ്പോള്‍ മാത്രമാണ് പോലിസ് അതിനു സമ്മതിച്ചതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാശിഫിന് അടിയന്തര ചികില്‍സ കൊടുക്കേണ്ട മണിക്കൂറുകളില്‍ പോലിസ് അദ്ദേഹത്തെ തട്ടിക്കളിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഫീല്‍ ഖാന്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താമസിക്കുന്ന ഗോരഖ്‌നാഥ് ക്ഷേത്രത്തിന് 500 മീറ്റര്‍ മാത്രം അകലെ വച്ചായിരുന്നു കാശിഫിനു വെടിയേറ്റത്. സഹോദരനു ശത്രുക്കളാരുമില്ല. എന്റെ സഹോദരനാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹത്തിനു നേരെ വെടിവയ്പുണ്ടായതെന്ന് സംഭവത്തിനു ശേഷം കഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it