kasaragod local

സഹോദരനെ രക്ഷപ്പെടുത്താനാവാത്ത വിഷമത്തില്‍ അബൂബക്കര്‍

കാസര്‍കോട്: കരിയത്ത് പുഴയില്‍ സഹോദരന്‍ മണലെടുത്ത കുഴിയില്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷപെടുത്താന്‍ കഴിയാത്തതിന്റെ ദുഖത്തിലാണ് ജ്യേഷ്ഠന്‍ അബൂബക്കര്‍. പുഴയിലെ കല്ലിലിരുന്ന് കാലുകൊണ്ട് വെള്ളത്തില്‍ ഓളമുണ്ടാക്കി കളിക്കുമ്പോള്‍ സഹോദരന്‍ ജാബിര്‍ കുഴിയിലേയ്ക്ക് തെന്നിവീഴുകയായിരുന്നു.
അബൂബക്കര്‍ ഉടന്‍ ജാബിറിനെ പിടിച്ചുകയറ്റാന്‍ വെള്ളത്തിലേയ്ക്ക് ചാടിയെങ്കിലും കുഴിയില്‍ വീഴും മുമ്പുതന്നെ ദുരന്തത്തില്‍ മരിച്ച സൈനുല്‍ ആബിദ് പിടിച്ചുകയറ്റുകായിരുന്നു. മുങ്ങിത്താഴുകയായിരുന്ന ജാബിറിനെക്കൂടി പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടയിലാണ് സൈനുല്‍ ആബിദ് കാല്‍വഴുതി കുഴിയിലേക്ക് വീണത്.
ഞായറാഴ്ച ജാബിറിന്റെ സഹോദരി ജാബിറയുടെ വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ ഏഴു സുഹൃത്തുകളാണ് ഇന്നലെ രാവിലെ പത്തോടെ കരിയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തലറിയാത്ത മൂന്നുപേര്‍ പുഴയിലെ കല്ലിലിരിക്കുമ്പോള്‍ പൊടുന്നനേയാണ് ജാബിര്‍ വെള്ളത്തിലേയ്ക്ക് വഴുതിവീണത്.
വെള്ളത്തില്‍ നീന്തിക്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുപേരും അബൂബക്കറിന്റെ ബഹളം കേട്ടാണ് വെള്ളക്കെട്ടിനടുത്തേയ്ക്ക് ഓടി എത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ടുദിവസമായി ഒപ്പം ചിരിച്ചും കളിച്ചും നടന്ന സുഹൃത്തുക്കളുടെ വേര്‍പാട് താങ്ങാനാവാത്ത ദുഖത്തിലാണ് അഞ്ചുപേരും. െവള്ളം കുറവായ വേനല്‍ക്കാലത്ത് കുട്ടികള്‍ മുങ്ങിമരിച്ചതറിഞ്ഞ് വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു അഞ്ചാംമൈല്‍ നിവാസികള്‍. പുഴയില്‍ വെള്ളം കുറവായിരുന്നുവെങ്കിലും മണലെടുപ്പ് നടക്കുന്നതിനാല്‍ കല്ലുകള്‍ക്കിടയില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സൈനുല്‍ ആബിദിന്റെ മയ്യിത്ത് സ്വദേശമായ മലപ്പുറം വാഴയൂരിലേക്ക് കൊണ്ട് പോയി. എസ്എസ്എഫ് പ്രവര്‍ത്തകരാണ് ഇരുവരും.
എസ്‌വൈഎസ് സംസ്ഥാന ഉപാാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സുബൈര്‍ പടുപ്പ്, ഫാറൂഖ് കുബനൂര്‍, റഫീഖ് സഖാഫി തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലുമെത്തി അനുശോചിച്ചു.
മാലിക് ദീനാറില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it