Kottayam Local

സഹോദരങ്ങളും ബംഗാള്‍ സ്വദേശിയും മരിച്ച സംഭവം: ദുരൂഹത തുടരുന്നു

എന്‍ പി ബദറുദ്ദീന്‍

പൂച്ചാക്കല്‍: പൂച്ചാക്കലില്‍ സഹോദരങ്ങളും ബംഗള്‍ സ്വദേശിയും മരിച്ച സംഭവത്തില്‍ ദുരുഹത തുടരുന്നു. എന്നാല്‍ വാടക വീട്ടില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹിമന്ത റായി ബാഗതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. സ്വയമുണ്ടാക്കിയ മുറിവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നതെന്ന്്്് പോലിസ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ ശക്തമാകുമ്പോഴാണ് പോലിസ് റിപോര്‍ട്ട്്് പുറത്തുവന്നത്്. ഇവരുടെ താമസ സ്ഥലത്ത് പതിവായി മദ്യലഹരിയില്‍ വഴക്കുകള്‍ നടക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അതിനാലാണ് വിദഗ്ധ പരിശോധനകള്‍ നടത്തിയതും പോലിസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും. അതേസമയം ബാഗതി സ്വയം കുത്തിയെന്നു പറയപ്പെടുന്ന കത്തിയില്‍ വിരലടയാളം ഇല്ലെന്ന ഫൊറന്‍സിക് സൂചന പോലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അടുത്തിടെ പാണാവള്ളി സ്വദേശികളായ സഹോദരങ്ങള്‍ മാമച്ചനും കുഞ്ഞുമോനും കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ ഇടനിലക്കാരനായ ബംഗാള്‍ സ്വദേശി ബാഹുവും മരിച്ച ബാഗതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു പോലിസ് പരിശോധിക്കുന്നുണ്ട്. ബാഹുവും ബാഗതിയുമെല്ലാം ഒരുമിച്ചോ, ഒരേ സമയത്തോ ആണോ ബംഗാളില്‍ നിന്നും ഇവിടെ എത്തിയതെന്ന് അന്വേഷണമുണ്ട്.മാമച്ചന്റെയും കുഞ്ഞുമോന്റെയും മരണശേഷം പൂച്ചാക്കല്‍ പള്ളിവെളി ഭാഗത്തെ ക്യാംപില്‍ താമസിച്ചിരുന്ന ബംഗാളികള്‍ ശ്രീകണ്‌ഠേശ്വരം ഭാഗത്തെ ക്യാംപിലേക്ക് അടുത്തിടെ വന്നു ചേര്‍ന്നിരുന്നെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പൂച്ചാക്കല്‍ കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരങ്ങള്‍ പാണാവള്ളി പള്ളിവെളി കുന്നേല്‍വെളി മാമച്ചന്‍ ജോസഫ് (58), കുഞ്ഞുമോന്‍ ജോസഫ് (51) എന്നിവരുടെ മരണം സംബന്ധിച്ചു കൊല്‍ക്കത്തയില്‍ അന്വേഷണത്തിനു പോയ പോലിസ് സംഘം നാട്ടിലെത്തി. കൊല്‍ക്കത്തയില്‍ സ്വര്‍ണവ്യാപാരത്തിന് ഇവര്‍ പോയതെന്നാണ് വിവരം. സഹോദരങ്ങളുടെ മരണകാരണം ഹൃദയ സംതംഭനമാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. എന്നാല്‍ ഹൃദയസ്തംഭനത്തിലേക്കു നയിച്ചത് എന്താണെന്ന് അറിയണം.  വിഷം ഉള്ളില്‍ച്ചെന്നതായാണ്് സംശയിക്കുന്നത്്്. വിഷം എങ്ങനെ ഉള്ളില്‍ച്ചെന്നുവെന്നും എന്ത് തരത്തിലുള്ള വിഷമാണെന്നും അറിയാനുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഫലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബര്‍ദ്വാന്‍ പോലിസും ഇത് സംബന്ധിച്ച്് അന്വേഷണം നടത്തുന്നുണ്ടെന്നും  പോലിസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്് ഉടന്‍ കൊല്‍ക്കത്ത പോലിസ് കേരള പോലിസിന് അയച്ചു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it