സഹോദരങ്ങളടക്കം മൂന്നുവിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ഇരിക്കൂര്‍: സഹോദരങ്ങളടക്കം മൂന്നുവിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ശ്രീകണ്ഠപുരം ചെങ്ങളായി കോട്ടപ്പുറത്തെ ലോഡിങ് തൊഴിലാളി ചെറുവില്‍ മുരളി കൃഷ്ണ-പണ്ണേരി വീട്ടില്‍ രജനി ദമ്പതികളുടെ മക്കളായ അമല്‍ കൃഷ്ണ (15), അതുല്‍ കൃഷ്ണ (13) ഇവരുടെ സുഹൃത്ത് കോട്ടപ്പുറത്തെ പാറമ്മല്‍ ഹനീഫ-കുട്ടിച്ചേരിയില്‍ സുനിജത്ത് ദമ്പതികളുടെ മകന്‍ ഹാഫിസ് (15) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ ചെങ്ങളായി കൗപ്പുറം നടുവില്‍ റോഡിലെ ജപ്പാന്‍ പാലത്തിനു സമീപത്തെ പുഴയിലായിരുന്നു അപകടം. കുളിക്കുന്നതിനിടെ ഒഴുകി വന്ന തേങ്ങ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂവരും അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടി ബഹളം വച്ചതിനെ തുടര്‍ന്നു ഓടിയെത്തിയ സമീപവാസികളാണ് മൂവരെയും പുഴയില്‍ നിന്ന് കരയ്‌ക്കെത്തിച്ചത്.
വിവരമറിഞ്ഞ് അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. അബോധാവസ്ഥയില്‍ കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമല്‍ കൃഷ്ണ ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലും അതുല്‍ കൃഷ്ണയും ഹാഫിസും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്നു പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവും വഴിയുമാണു മരിച്ചത്. അമല്‍ കൃഷ്ണ ശ്രീകണ്ഠപുരം ഗവ. എച്ച്എസ്എസില്‍ 10ാം ക്ലാസിലേക്ക് ജയിച്ചിരിക്കുകയായിരുന്നു. അതുല്‍ കൃഷ്ണ എട്ടാംതരം വിദ്യാര്‍ഥിയാണ്. ഹാഫിസ് കുറുമാത്തൂര്‍ ഗവ.—വിഎച്ച്എസ്എസില്‍ 10ലേക്ക് ജയിച്ചിരിക്കുകയായിരുന്നു.
അഖില്‍ കൃഷ്ണയാണ് മരണപ്പെട്ട അതുലിന്റെയും അമലിന്റെയും സഹോദരന്‍. ഹാഫിസിന്റെ സഹോദരി ലുബിന. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഹാഫിസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ടോടെ ചെങ്ങളായി ടൗണ്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Next Story

RELATED STORIES

Share it