സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രപതിയുടെ ആഹ്വാനം; ബഹുസ്വരത സംരക്ഷിക്കണം

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: ബഹുസ്വരതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഹ്വാനം. ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മുസ്‌ലിം കുടുംബം ആക്രമിക്കപ്പെടുകയും കുടുംബനാഥന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാക്കളും മറ്റും വര്‍ഗീയ പ്രസ്താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ഓര്‍മപ്പെടുത്തല്‍. നാനാത്വവും സഹിഷ്ണുതയും ബഹുസ്വരതയും ഇന്ത്യന്‍ നാഗരികതയുടെ മൂല്യങ്ങളാണെന്നും അവ കൈമോശം വന്നുകൂടെന്നുമാണ് പ്രണബ് മുഖര്‍ജി പറഞ്ഞത്.

ഈ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുരോഗതിയെ തടയാന്‍ ഒന്നിനും സാധ്യമല്ലെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒരു സംഭവത്തെയും രാഷ്ട്രപതി പ്രത്യേകം പരാമര്‍ശിച്ചില്ല. രാഷ്ട്രപതി ഭവനില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു. അതിനിടെ, രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികള്‍ ആരായിരുന്നാലും അവര്‍ക്കെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ദാദ്രിയിലെ കൊലപാതകം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിനു റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദാദ്രിയില്‍ നടന്നത് ഉള്‍പ്പെടെ രാജ്യത്തു നടക്കുന്ന സാമുദായിക സ്വഭാവമുള്ള സംഭവങ്ങളില്‍ ആശങ്കയുള്ളതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it