സഹിഷ്ണുതയുടെ അന്തരീക്ഷമുണ്ടാവണം

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ചോദ്യംചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സഹിഷ്ണുതയോടെ സംവദിക്കുന്ന ഇന്ത്യയുടെ പാരമ്പര്യവും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിക്കേണ്ടത് രാജ്യപുരോഗതിയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഡല്‍ഹി ഐഐടിയുടെ 46ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയനിലപാടുകളിലെ തീവ്രത പുരോഗതിക്ക് തടസ്സമാണ്. സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ഒരു പ്രത്യേക വിഭാഗത്തിനോ നേരെ ശാരീരികമായോ വാക്കുകള്‍കൊണ്ടോ നടത്തുന്ന ആക്രമണങ്ങള്‍ യഥാര്‍ഥത്തില്‍ ആശയങ്ങളുടെ വിപണിയിലെ ആ വിഭാഗങ്ങളുടെ ഇടപെടലിനെ മുറിപ്പെടുത്തുകയാണു ചെയ്യുന്നത്. ചോദ്യംചെയ്യാനും വിയോജിക്കാനുമുള്ള അവകാശം ഏതെങ്കിലും പ്രത്യേക ആശയത്തിലോ പാരമ്പര്യത്തിലോ മാത്രം ഒതുക്കരുതെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.
പുരോഗതി ഇല്ലാതാക്കി അസഹിഷ്ണുത നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. ഇത്തരം തിന്മയുടെ ശക്തികള്‍ പ്രകോപനം സൃഷ്ടിക്കുമ്പോള്‍ നാം തെരുവിലിറങ്ങരുത്. പകരം അവരുടെ ഉദ്ദേശ്യമെന്തെന്നു ചോദിച്ച് തിരിച്ചയക്കുകയാണു വേണ്ടത്. ഭിന്നാഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് കാര്യമില്ല. വ്യത്യസ്ത ആശയങ്ങളെ സഹിഷ്ണുതയോടെയും ആദരവോടെയും സമീപിക്കാന്‍ കഴിയുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം.
വിവിധങ്ങളായ ചിന്തയും നവീന ആശയങ്ങളും വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയോടെയും പരസ്പര ബഹുമാനത്തോടെയും സംവദിക്കുകയെന്ന നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പോരാടണമെന്നും ഐഐടിയിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ രഘുറാം രാജന്‍ ആഹ്വാനംചെയ്തു.
സംവാദങ്ങളെ നിരോധനം വഴി അടിച്ചമര്‍ത്തുന്നത് അസഹിഷ്ണുത വളര്‍ത്തും. എതിര്‍ശബ്ദങ്ങളോട് സഹിഷ്ണുത കാണിക്കുന്ന ജനാധിപത്യസംവിധാനത്തില്‍ അക്രമങ്ങളുണ്ടാവില്ല. സ്വതന്ത്രചിന്തകളും സംവാദങ്ങളുമാണ് രാജ്യത്തിന്റെ പരിപൂര്‍ണ വികസനത്തിലേക്കുള്ള വഴി. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് ഒന്നിനും പരിഹാരമല്ല. നിരോധിക്കുമ്പോള്‍ എതിര്‍പ്പുകള്‍ക്ക് ശക്തികൂടുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it