സഹിക്കാനാവാത്ത ചൂടിലും വെക്കേഷന്‍ ക്ലാസുകള്‍; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: ചൂട് അസഹനീയമായ സാഹചര്യത്തില്‍ ചില സ്വകാര്യ, എയ്ഡഡ് സ്‌കൂളുകള്‍ മേയ് 2ന് വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടി.
മുതിര്‍ന്നവര്‍ക്കു പോലും സഹിക്കാന്‍ കഴിയാത്ത ചൂട് നിലനില്‍ക്കുമ്പോഴാണ് മേയ് 2ന് സ്‌കൂളുകള്‍ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. പത്താം ക്ലാസിനു പുറമേ മറ്റു ക്ലാസുകളും മേയ് 2ന് തുടങ്ങുന്നുവെന്നാണ് പരാതി. കൊല്ലങ്കോട് സ്വദേശി ടി ആര്‍ ഷാഹുല്‍ ഹമീദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും മേയ് 10നകം വിശദീകരണം സമര്‍പ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കേസ് മേയ് 24ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പരിഗണിക്കും. ഇത്തരം സ്‌കൂളുകളില്‍ പിടിഎയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നും പരാതിയില്‍ പറയുന്നു.
ചൂടിന്റെ ആധിക്യം കുട്ടികളെ മാനസികമായും ശാരീരികമായും തളര്‍ത്തുമെന്നും പരാതിയിലുണ്ട്. ചൂട് കുറയുന്നതുവരെ സ്‌കൂളുകള്‍ പുനരാരംഭിക്കരുതെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it