Kollam Local

സഹായ ഹസ്തവുമായി കോയിവിള തര്‍ബിയത്തുല്‍ മസാക്കീന്‍ അശരണരുടെ വീടുകളിലേക്ക്—



ചവറ: മനസും ശരീരവും വിമലീകരിക്കപ്പെടുന്ന വ്രതം അനുഷ്ടിക്കുന്നതിനൊപ്പം അശരണരും നിരാലംബരുമായവരുടെ വീടുകളിലേക്ക് ചോദിക്കാതെ സഹായവുമായി എത്തുകയാണ് കോയിവിള ഷരീഫുല്‍ ഇസ്്‌ലാം ജമാഅത്തിലെ തര്‍ബിയത്തുല്‍ മസാക്കീന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പുല്‍കുന്നതിനൊപ്പം പട്ടിണി കിടക്കുന്ന ഒരാള്‍ പോലും തങ്ങള്‍ക്കിടയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ജമാഅത്തിലെ അര്‍ഹരായ അഞ്ഞൂറ് കുടുംബങ്ങളിലാണ് പ്രവര്‍ത്തകര്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിക്കുന്നത്. സമുദായത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്കൊപ്പം ഇതര സമുദായത്തിലെ അര്‍ഹര്‍ക്കും തര്‍ബിയത്തുല്‍ മസാക്കിന്റെ സ്‌നേഹ സമ്മാനം എത്തും. റമദാനില്‍  മാനവിക സന്ദേശത്തിന്റെ വാഹകരാകുക എന്ന വചനമാണ് റിലീഫ് വിതരണ ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. അഞ്ച് കിലോഗ്രാം അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, അരിപ്പൊടി, അരക്കിലോ ചെറുപയര്‍,  തെയില, കാരയ്ക്ക എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രവര്‍ത്തകര്‍ ഭവനങ്ങളില്‍ എത്തിക്കുന്നത്. ജമാഅത്ത് ഇമാം മുഹമ്മദ്ഹാഷിം അസ്ഹരിയുടെ പിന്തുണയോടെയാണ് റിലീഫ് പ്രവര്‍ത്തനം നടത്തുന്നത്. സാധു വിവാഹം, നിര്‍ധന കുടുംബങ്ങള്‍ക്ക് വസ്തു, വീട് എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം, ചികില്‍സാ നിധി എന്നിവയോടെ സേവനമേഖലയില്‍ സജീവമാണ് തര്‍ബിയത്തുല്‍ മസാക്കീന്‍.  പ്രസിഡന്റ് അബ്ദുല്‍ റഹീം മൈലാഞ്ചി, സെക്രട്ടറി അബ്ദുല്‍ വഹാബ് പുല്ലിക്കാട്ടില്‍, ഖജാഞ്ചി വരമ്പേല്‍ ഹുസൈന്‍, സഫറുള്ള, അലിയാരുകുട്ടി, മുനീര്‍, ഇബ്രാഹീം കുട്ടി, അബ്ദുല്‍ ലത്തീഫ്, ജമാല്‍, അബ്ദുല്‍ ലത്തീഫ്  റിലീഫ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it