kozhikode local

സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ കോഴിക്കോട്ട് എത്തിയ ഭിന്ന ശേഷിക്കാര്‍ക്ക് യാത്രാപ്പടി ലഭിച്ചില്ലെന്ന് പരാതി

വാണിമേല്‍: സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ കോഴിക്കോട്ട് പോയ ഭിന്ന ശേഷിക്കാരില്‍ പലര്‍ക്കും യാത്രാപ്പടി നല്‍കിയില്ലെന്ന് പരാതി.
വിവിധ താലൂക്കുകളില്‍ നിന്നായി സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ പോയവര്‍ക്ക് യാത്രാപ്പടിയുണ്ടായിരുന്നെങ്കിലും പലര്‍ക്കും നല്‍കിയിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ചിലര്‍ക്കെങ്കിലും യാത്രാപ്പടി നല്‍കിയത്. രാവിലെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയൊരു തുക ചെലവഴിച്ച് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ എത്തിയ പലര്‍ക്കും യാത്രാപ്പടി നല്‍കിയിട്ടില്ല.
ഓരോ ബ്ലോക്കിന്റേയും പ്രത്യേക കൗണ്ടര്‍ തുറന്ന് പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും യാത്രാപ്പടിയുടെ കാര്യം മിണ്ടിയില്ല. യാത്രാപ്പടിയുടെ കാര്യമറിയാതെ പലരും സഹായ ഉപകരണം വാങ്ങി തിരിച്ചു പോയി.
യാത്രാപ്പടി ലഭിക്കാത്തവര്‍ക്ക് തുക ലഭ്യമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി. പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് സ്വപ്‌നനഗരിയിലെത്തണമെങ്കില്‍ അന്‍പത് രൂപയോളം ഓട്ടോക്ക് നല്‍കണം. പല അസുഖമുള്ളവരെയും കൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ എത്തിയത്.
വടകര താലൂക്കില്‍ നിന്ന് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉപകരണം വാങ്ങാന്‍ വന്നവരു മുണ്ട്. വടകര താലൂക്കിലുള്ളവര്‍ക്ക് തിങ്കളാഴ്ചയാണ് ഉപകരണങ്ങള്‍ നല്‍കിയതെങ്കിലും ഭൂരിപക്ഷത്തിനും മൊബൈല്‍ ഫോണില്‍ വന്ന സന്ദേശം ഞായറാഴ്ച എത്താനായിരുന്നു. അതനുസരിച്ച് ഭിന്ന ശേഷിക്കാരുമായി എത്തിയ പലരും നിരാശരായി മടങ്ങുകയായിരുന്നു.
നേരത്തെ വിവിധ സ്ഥലങ്ങളില്‍ മതിയായ രേഖകള്‍ ഹാജരാക്കി കാര്‍ഡ് സമ്പാദിച്ചവരെ വീണ്ടും നേരത്തെ നല്‍കിയ രേഖകളുടെ പകര്‍പ്പിന് നിര്‍ബന്ധിച്ചിരുന്നു. പലരും സ്വപ്‌ന നഗരിയിലെത്തിയ ശേഷം ഏറെ നടന്ന് പോയാണ് ഫോട്ടോ കോപ്പി എടുത്ത് വന്നത്.
അതിന്റെ പരിസരത്തൊന്നും കടകള്‍ പോലുമില്ല. ഭിന്ന ശേഷിക്കാരെ സഹായിക്കാനാണ് പദ്ധതിയെങ്കിലും അത് ദ്രോഹമായിപ്പോയെന്നാണ് പരാതി. ഓരോ ബ്ലോക്കടിസ്ഥാനമാക്കിയെങ്കിലും ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നെങ്കില്‍ ഭിന്ന ശേഷിക്കാര്‍ ഇങ്ങിനെ വിഷമിക്കേണ്ടി വരില്ലായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it