ernakulam local

സഹപാഠികളുടെ ചേതനയറ്റ ശരീരം കണ്ട്‌നില്‍ക്കാനാവാതെ വിദ്യാര്‍ഥികള്‍ വിങ്ങിപ്പൊട്ടി

മൂവാറ്റുപുഴ: ഉച്ചവരെ തങ്ങളോടൊപ്പമുണ്ടായിരുന്ന സഹപാഠികളുടെ ചേതനയറ്റ ശരീരം കണ്ടുനില്‍ക്കാനാവാതെ വിദ്യാര്‍ഥികള്‍ വിങ്ങിപ്പൊട്ടി.
ഈസ്റ്റ് മാറാടി കൊച്ചിന്‍ എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ സിജിന്‍ കുമാര്‍, റിഷി സന്തോഷ് എന്നിവരാണ് ഇന്നലെ പുഴയില്‍ മുങ്ങിമരിച്ചത്.
ഇരുവരുടേയും മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ കിടത്തിയപ്പോഴാണ് തങ്ങളുടെ സഹപാഠികളുടെ വേര്‍പാട് കാണാനാവാതെ വിദ്യാര്‍ഥികള്‍ പൊട്ടിക്കരഞ്ഞത്.
മരിച്ച റിഷിയും സിജിന്‍ കുമാറും ആറുമാസം മുമ്പാണ് വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചത്. എല്ലാ കാര്യത്തിലും ഒരുമിച്ചുണ്ടായിരുന്ന സിജിനും റിഷിയും മരണത്തിലും വേര്‍പിരിഞ്ഞില്ല.
സിജിന്‍ കുമാറിന്റെ പിതാവ് ചന്ദ്രസേനന്‍ രണ്ടുമാസം മുമ്പാണ് മരിച്ചത്. പിതാവിന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്നു മോചിതനാവുംമുമ്പെയാണ് സിജിനും മരണത്തിനു കീഴടങ്ങിയത്.
ഇരുവരെയും കാണാതായ പാറയ്ക്കകടവിലും മൃതദേഹങ്ങള്‍ എത്തിച്ച ജനറല്‍ ആശുപത്രിയിലും വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ വന്‍ ജനാവലിയാണ് എത്തിയിരുന്നത്.
ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, മൂവാറ്റുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.
അനധികൃത മണല്‍വാരലിനെത്തുടര്‍ന്ന് പുഴയില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതാണ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിക്കാനിടയായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it