Pathanamthitta local

സഹപാഠികളുടെ അടിവസ്ത്രം വലിച്ചു കീറിയതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി; സംയുക്ത വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം

പത്തനംതിട്ട: വിജയാഹ്ലാദം അതിരുവിട്ട് സഹപാഠികളുടെ അടിവസ്ത്രം പരസ്പരം വലിച്ചു കീറിയതായി ഉയര്‍ന്ന പരിതിയുടെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരേ പത്തനംതിട്ട മുസ്‌ലിയാര്‍ കോളജ് എന്‍ജിനീയറിങില്‍ പ്രതിഷേധം.
സംയുക്ത വിദ്യാര്‍ഥി യൂനിയന്‍ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ഥികള്‍ കോളജിന്റെ പ്രധാന കവാടം മണിക്കൂറുകളോളം ഉപരോധിച്ചു. കഴിഞ്ഞ 20ന് കോളജിലെ ഒന്നാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥികളുടെ റിസല്‍ട്ട് പുറത്തു വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 22ന് നടന്ന ആഘോഷത്തിനിടയില്‍ സഹപാഠികള്‍ പരസ്പരം വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും ഇതില്‍ തങ്ങളുടെ ആരുടെയും ഭാഗത്ത് നിന്നും പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നും വിദ്യാര്‍ഥികളും പറയുന്നു.
എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട കോളജ് മാനേജ്‌മെന്റ് സംഭവുമായി ബന്ധപ്പെട്ട അജ്മല്‍ ഹുസയ്ന്‍, അജ്മല്‍ ഷിബു, അന്‍ഷാദ് ഖാന്‍, ടോബിന്‍ ടോമി, ജോയര്‍ ജോര്‍ജ്, അതുല്‍ എന്നിവരുടെ രക്ഷകര്‍ത്താക്കളെ ഇന്നലെ വിളിച്ചു വരുത്തി ടി.സി. നല്‍കി പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
ആഘോഷത്തിനിടയില്‍ ഓമല്ലൂര്‍ സ്വദേശിയായ നാലാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ഥിയെ തടഞ്ഞു നിര്‍ത്തി അടിവസ്ത്രം വലിച്ചു കീറിയതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാവുന്നതായും റാഗിങിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നും കോളജ് മാനേജ്‌മെന്റ് പറയുന്നത്. ഇത് സംബന്ധിച്ച് പോലിസിലും പരാതി ലഭിച്ചതായാണ് അറിയുന്നത്. എന്നാല്‍ മാനേജ്‌മെന്റ് തെറ്റായ ആരോപണം ഉന്നയിച്ച് നടപടിയെടുക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കെഎസ്‌യു, എസ്എഫ്‌ഐ, എബിവിപി, എംഎസ്എഫ് വിദ്യാര്‍ഥി യൂനിയനുകളുടെ നേതാക്കളായ അന്‍സല്‍ കെ, ആസിഫ് മുഹമ്മദ്, വിവേക് വിഷ്ണു പടേല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ഉപരോധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പല്‍ ജുബിലെറ്റ് ജെ കിഴക്കേത്തോട്ടത്തിന്റെ കോലവും കത്തിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള നടപടി ഉണ്ടാവില്ലെന്നും വിദ്യാര്‍ഥികളെ പുറത്താക്കി നല്‍കിയ ടിസി തിരികെ വാങ്ങുകയും ചെയ്തു.
29ന് വൈകീട്ട് മുന്നിന് വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തുടര്‍നടപടികള്‍ എടുക്കുകയുള്ളുവെന്നും കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ആറോടെ വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിച്ച് മടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലിസ് സന്നാഹവും കോളജ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it