Idukki local

സഹകരണ സെക്രട്ടറിമാരെ വരുതിയിലാക്കാന്‍ സുഖവാസ കേന്ദ്രത്തില്‍ പരിശീലനം



ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: ബാങ്കുകളില്‍ കോര്‍ ബാങ്കിങ്ങിനായി സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തിയതില്‍ കോടികളുടെ അഴിമതി ഉയര്‍ന്നതോടെ സഹകരണ സെക്രട്ടറിമാരെ വരുതിയിലാക്കാന്‍ സുഖവാസ കേന്ദ്രത്തില്‍ പരിശീലനം. പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി നടപ്പാക്കിയ പൈലറ്റ് പദ്ധതി പാളിയ സാഹചര്യത്തിലാണ് പിടിച്ചുനില്‍ക്കാനായി ദ്വിദിന പരിശീലന പരിപാടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. ഐസിഡിപി ഫണ്ടില്‍ നിന്നു ലക്ഷങ്ങള്‍ പൊടിച്ചാണ് വാഗമണിലെ ഗ്രീന്‍ പാലസ് റിസോര്‍ട്ടില്‍ രണ്ടുദിവസത്തെ പരിശീനം നടത്തുന്നത്. ഇന്നലെ  ആരംഭിച്ച പരിപാടിയില്‍ ഇടുക്കിയിലെ 71 പ്രാഥമിക സഹകരണ ബാങ്കുകളുടെ സെക്രട്ടറിമാരെയാണ് ക്ഷണിച്ചത്. എന്നാല്‍ 18 ഓളം പേര്‍ പരിശീലനതട്ടിപ്പ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. കോടികളുടെ വെട്ടിപ്പിനെതിരേ ഉയര്‍ന്ന വ്യാപക പരാതി ഒത്തുതീര്‍പ്പാക്കാനാണ് പെട്ടെന്ന് പരിശീലനം തട്ടിക്കൂട്ടിയതെന്നാണ് ഇവരുടെ ആക്ഷേപം. സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തിയതിലെ വെട്ടിപ്പില്‍ നടപടിയുണ്ടാവാന്‍ ഉന്നതലത്തിലേക്ക് മാസ് പെറ്റീഷന്‍ അയയ്ക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം സഹകരണ ബാങ്ക് സെക്രട്ടറിമാര്‍. അതേസമയം, സഹകരണ വകുപ്പില്‍ കോര്‍ ബാങ്കിങ് പൈലറ്റ് പദ്ധതിക്ക് ഏര്‍പ്പെടുത്തിയ പൊതു സോഫ്റ്റ്‌വെയര്‍ പ്രായോഗികമല്ലെന്ന വിദഗ്ധ റിപോര്‍ട്ടും സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്താന്‍ രൂപീകരിച്ച കമ്മിറ്റി പൂഴ്ത്തിയതായും ആക്ഷേപം ഉയര്‍ന്നു. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐ ടി വിദഗ്ധന്‍ ആദിശേഷ അയ്യരാണ് സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാലിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. സോഫ്റ്റ്‌വെയര്‍ വെബ് ബേസ്ഡ് അല്ല എന്നതാണ് പ്രധാന പോരായ്മയായി ആദിശേഷ അയ്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പിന്റെ ആധുനികവല്‍കരണത്തിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക തടയുമെന്നാണു സൂചന. ഇന്നലെ തിരുവനന്തപുരത്ത് സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടര്‍ വി സനല്‍കുമാര്‍ വിളിച്ചുചേര്‍ത്ത ജോയിന്റ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയ പൈലറ്റ് പദ്ധതി സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നു. ഇതുസംബന്ധിച്ചുള്ള വകുപ്പുതല റിപോര്‍ട്ട് തയ്യാറാക്കാന്‍ ഇടുക്കി ജോയിന്റ് ഡയറക്ടര്‍ സഹദേവനെ ഓഡിറ്റ് ഡയറക്ടര്‍ ചുമതലപ്പെടുത്തി. ഐസിഡിപി (ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ട്) പദ്ധതി പ്രകാരം ഓരോ ബാങ്കുകള്‍ക്കും 10 ലക്ഷം രൂപാ വീതം വായ്പ അനുവദിച്ചാണ് ഫിന്‍ക്രാഫ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത്. 2018 ല്‍ കേരളാ ബാങ്ക് നിലവില്‍ വന്നതിന് ശേഷം ഇസ്റ്റാസ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രൈമറി ബാങ്കിങ് മോഡനൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം തള്ളിയാണ് കോടികളുടെ അഴിമതി നടത്താന്‍ കള്‌മൊരുക്കുന്ന രീതിയില്‍ പുതിയ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തിയത്. 2017 മെയ് 5ന് 37 നിര്‍ദേശങ്ങള്‍ അടങ്ങിയ 27/2017 നമ്പര്‍ സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബികയ്ക്കുവേണ്ടി അഡീ. രജിസ്ട്രാര്‍ ജോസ് ഫിലിപ്പ് ഇറക്കിയിരുന്നു. ഇതില്‍ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് കംപ്യൂട്ടര്‍വല്‍കൃത അക്കൗണ്ടുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച നിബന്ധനകളാണുണ്ടായിരുന്നത്. സര്‍ക്കുലറില്‍ ഏതെങ്കിലും ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നില്ല. വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയിലെ പലിശകള്‍, ലോക്കറിന്റെ ഫോളിയോ ചാര്‍ജ് തുടങ്ങിയ സിസ്റ്റം ഓട്ടോമാറ്റിക്കായി കണക്കാക്കുന്നുണ്ടോ, അത് മാനുവല്‍ ആയി രേഖപ്പെടുത്തേണ്ടി വരുന്നെങ്കില്‍ അത് ന്യൂനതയായി പരാമര്‍ശിക്കണം എന്നത് അടക്കമുള്ള ഗൗരവതരമായ കാര്യങ്ങളും സര്‍ക്കുലറില്‍ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍, ദൈനംദിനം നടത്തേണ്ട അക്കൗണ്ടിങ് സംവിധാനം പോലും പാളിയ നെലീറ്റോയുടെ ഫിന്‍ക്രാഫ്റ്റ് സേഫ്റ്റ്‌വെയറാണ് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി ജയരാജന്‍ ചെയര്‍മാനായ പ്രൈമറി ബാങ്കിങ് മോഡണൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തള്ളി ഏര്‍പ്പെടുത്തിയ സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it