thiruvananthapuram local

സഹകരണ സംഘത്തിന്റെ ബസ് പെര്‍മിറ്റ് മറിച്ചുനല്‍കല്‍ ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ശുപാര്‍ശ

തിരുവനന്തപുരം: പ്രവര്‍ത്തനരഹിതമായിരുന്ന സഹകരണസംഘത്തിന്റെ പേരിലുള്ള ബസ് പെര്‍മിറ്റ് സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ ശുപാര്‍ശ ചെയ്തു.
ടാക്‌സി ഡ്രൈവേഴ്‌സ് സഹകരണസംഘം റ്റി-412, കരകുളം, തിരുവനന്തപുരം എന്ന സംഘത്തിന് നിലവിലുണ്ടായിരുന്ന പെര്‍മിറ്റുകളാണ് സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുനല്‍കിയിരുന്നത്. സൊസൈറ്റി പ്രവര്‍ത്തനരഹിതമാണെന്നും പെര്‍മിറ്റുകള്‍ സ്വകാര്യവ്യക്തികളാണ് കൈകാര്യം ചെയ്യുന്നതെന്നും സൊസൈറ്റിയുടെ പ്രവര്‍ത്തനം സഹകരണ വകുപ്പ് വഴി അന്വേഷിക്കണമെന്നും കെഎസ്ആര്‍ടിസി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.
കൂടാതെ സൊസൈറ്റി പ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെന്ന് 2015 ആഗസ്റ്റ് 10ന് ലഭിച്ച കോ-ഓപറേറ്റീവ് ജില്ലാ രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍നിന്നും ബോധ്യപ്പെട്ടു. ഇതുപ്രകാരം ആഗസ്റ്റ് 11ന് നടന്ന റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഈ സംഘത്തിന്റെ പേരിലുള്ള നാല് പെര്‍മിറ്റുകള്‍ പുതുക്കാനുള്ള അപേക്ഷ നിരസിച്ചിരുന്നു.
പെര്‍മിറ്റ് മറിച്ചുനല്‍കിയ വകയിലും ബസ് സര്‍വീസ് നടത്തിയ വകയിലും സൊസൈറ്റിക്ക് പ്രതിമാസം വന്നുചേരേണ്ട 1,20,000 രൂപ ചില അപരിചിതവ്യക്തികള്‍ കൈവശപ്പെടുത്തിയതായും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിരുന്നു. സൊസൈറ്റി വരുമാനം തട്ടിയെടുത്തവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും തുക തിരിച്ചുപിടിച്ച് വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനും മതിയായ അന്വേഷണം അനിവാര്യമാണ്. സൊസൈറ്റിയുടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണം നിലനില്‍ക്കുന്നതായി സംശയിക്കുന്നതിനാല്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.
ഇതിനാല്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ വിശദമായ വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ധനകാര്യവിഭാഗങ്ങളുടെ സാമ്പത്തിക അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ജില്ലാ കലക്ടര്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it