സഹകരണ സംഘം ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തുടങ്ങും

കൊച്ചി: വിദേശത്തെ ഫുട്‌ബോള്‍ ക്ലബ്ബ് മാതൃകയില്‍ കേരളത്തിലും സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ആരംഭിക്കുന്നു. ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, എഫ്‌സി ബാഴ്‌സലോണ, ബയേണ്‍ മ്യൂണിച്ച്, ബെറൂസിയ ഡോട്മുണ്ട് എന്നീ ക്ലബ്ബുകളുടെ മാതൃകയില്‍ ആരാധകര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളാണ് ആരംഭിക്കുക.
കേരള ഫുട്‌ബോള്‍ വികസന സഹകരണസംഘം എന്ന പേരിലാണ് ക്ലബ്ബ് രൂപീകരിക്കുന്നതെന്ന് ഇതിനു നേതൃത്വം നല്‍കുന്ന ബി ടി സിജന്‍, നരേഷ് പൂജാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളെല്ലാം ആരാധകരുടെ ഉടമസ്ഥയിലുള്ളതാണ്. സ്‌പോര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട്(എസ്എംആര്‍ ഐ)യുടെ നേതൃത്വത്തിലാണ് സഹകരണ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 30ഓളം സഹകരണ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് എസ്എംആര്‍ഐ നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. ആയിരം രൂപയുടെ ഷെയര്‍ എടുത്ത് കായികതാരങ്ങള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും സഹകരണ സംഘത്തില്‍ അംഗങ്ങളാവാം. സാധാരണ സഹകരണ സംഘങ്ങള്‍ നല്‍കുന്ന സാമ്പത്തിക സേവനങ്ങളും പ്രഫഷണല്‍ ക്ലബ്ബുകളുടെ മാതൃകയില്‍ കളിയനുബന്ധ വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും കൂടാതെ കേരളത്തിലെ കായികതാരങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്ന സ്‌പോര്‍ട്‌സ് ഏജന്റിന്റെ സേവനവും ഫുട്‌ബോള്‍ സഹകരണ സംഘം നല്‍കും.
പരിക്കേറ്റ കായികതാരങ്ങള്‍ക്ക് ചികില്‍സാ സഹായം, പുനരധിവാസ പദ്ധതികള്‍, കായിക താരങ്ങള്‍ക്ക് പെന്‍ഷന്‍, വിദേശങ്ങളില്‍ പരിശീലനത്തിനും മല്‍സരത്തിനുമുള്ള സാമ്പത്തിക സഹായം എന്നിവയും സഹകരണ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലക്ഷ്യത്തില്‍പ്പെടുന്നതാണെന്നും ഇവര്‍ പറഞ്ഞു.
ആദ്യ വര്‍ഷം തന്നെ 50,000 പേരെ അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫുട്‌ബോള്‍ വികസന സഹകരണ സംഘം എന്ന പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ രൂപീകരണ യോഗം ഈ മാസം 17ന് എറണാകുളം സൗത്ത് റീജ്യന്‍സില്‍ വച്ച് ഉച്ചയ്ക്ക് 2.30നു ചേരും കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995675259, 8891675259.
Next Story

RELATED STORIES

Share it