malappuram local

സഹകരണ റിസ്‌ക് ഫണ്ട് ആനുകൂല്യം കൂടുതല്‍ പേര്‍ക്കു നല്‍കും: മന്ത്രി

മലപ്പുറം: സഹകരണ റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ന്യായമായ കാരണം മൂലം വായ്പ കുടിശ്ശിക വന്നവര്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കുന്നതിന് ശ്രമിക്കുമെന്നും അതിനായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. റിസ്‌ക് ഫണ്ട് ചികിത്സാ ആനുകൂല്യ ധനസഹായം വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.3.64 കോടി രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. 466 പേര്‍ക്കാണ് സഹായധനം നല്‍കിയത്. നിലവിലെ ബോര്‍ഡ് അധികാരത്തില്‍ വന്നതിന് ശേഷം ആകെ 8.40 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.  സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന സമയത്ത് റിസ്‌ക് ഫണ്ട് വിഹിതം നല്‍കി പദ്ധതിയില്‍ അംഗമാവാം. വായ്പാ തുകയുടെ 0.35 ശതമാനമാണ് വിഹിതമായി നല്‍കേണ്ടത്. ചുരുങ്ങിയ തുക 100 രൂപയും കൂടിയത് 525 രൂപയുമാണ് വിഹിതമായി അടക്കേണ്ടത്. പദ്ധതിയില്‍ അംഗമായവര്‍ മരണപ്പെട്ടാല്‍ കടാശ്വാസമായി 1.5 ലക്ഷം രൂപ നല്‍കും.
ചികിത്സാ ധനസഹായമായും തുക അനുവദിക്കും. ഈ തുക ഉയര്‍ത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. എംഎല്‍എമാരായ പി ഉബൈദുള്ള, പി അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍,  എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി ദിവാകരന്‍, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ടി എന്‍ കെ ശശീന്ദ്രന്‍, ജോയന്റ് സെക്രട്ടറി ടി പത്മകുമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡി സജിത് ബാബു, നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, വി പി അനില്‍, പി ഉണ്ണികൃഷ്ണന്‍, എം ടി ദേവസ്യ, സി കെ ഗീരീശന്‍പിള്ള, പി എം ഫിറോസ് ഖാന്‍, ഹാരിസ് ആമിയന്‍, പി കെ മൂസകുട്ടി, അക്ബര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it