Flash News

സഹകരണ മന്ത്രിയുടെ ആശ്രിതന് ചട്ടം മറികടന്ന് നിയമനം

സി എ സജീവന്‍

തൊടുപുഴ: വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയുടെ പേരില്‍ രണ്ടു സ്ഥാപനങ്ങളില്‍ നിന്നു പുറത്തായ ആള്‍ക്ക് നിയമവിരുദ്ധമായി സഹകരണ വകുപ്പിനു കീഴില്‍ ഉന്നത തസ്തികയില്‍ കരാര്‍ നിയമനം. കെല്‍പാം, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ എന്നിവയുടെ മാനേജിങ് ഡയറക്ടറായിരിക്കെ വിവിധ നിയമവിരുദ്ധ ഇടപാടുകളുടെ പേരില്‍ പദവി നഷ്ടപ്പെട്ട ഡോ ണ്‍ ബോസ്‌കോക്കാണ് കേരള ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി ഡെവലപ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ എംഡിയായി നിയമനം നല്‍കിയത്.
സൊസൈറ്റിയുടെ ഭരണഘടനയും നിയമാവലിയുമെല്ലാം മറികടന്നാണ് സഹകരണ മന്ത്രിയുടെ ഈ ഇഷ്ടദാനം. പട്ടികജാതി-പട്ടികവര്‍ഗ സൊസൈറ്റികളുടെ ഉന്നതതല സംവിധാനമായ ഫെഡറേഷന്റെ മേധാവിയായുള്ള കരാര്‍ നിയമനം സ്ഥാപനത്തിനു ഗുണം ചെയ്യില്ലെന്നു വിശ്വസിക്കുന്നവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലേറെയും. എന്നാല്‍, രാഷ്ട്രീയ നിയമനമായതിനാല്‍ ഇതിനെതിരേ ആരും പ്രതികരിക്കുന്നില്ല. സൊസൈറ്റി നിയമപ്രകാരം അഡീഷനല്‍ രജിസ്ട്രാര്‍മാരോ തത്തുല്യ റാങ്കില്‍ സേവനം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരോ ആണ് മാനേജിങ് ഡയറക്ടറായി നിയമിതനാകേണ്ടത്. ഇത്രയും കാലവും ആ നിയമം അതേപടി പാലിച്ചാണ് നിയമനം നടത്തിയത്.
പ്രത്യേകിച്ചു ചുമതലകളൊന്നുമില്ലാതെ സ്‌പെഷ്യല്‍ ഓഫിസര്‍ എന്ന പേരിലാണ് ഡോ ണ്‍ ബോസ്‌കോയെ സൊസൈറ്റിയില്‍ ഏതാനും നാളുകള്‍ക്കു മുമ്പ് നിയമിച്ചത്. പിന്നീട് എംഡിയുടെ ഫുള്‍ അഡീഷനല്‍ ചാര്‍ജും ഇപ്പോള്‍ എംഡിയുടെ പൂര്‍ണ ചുമതലയും നല്‍കി. മുക്കാല്‍ ലക്ഷം രൂപയാണ് മാസശമ്പളം. വീട്ടുവാടകയായി 3000 രൂപ വേറെയും ലഭിക്കും.
കായികാധ്യാപകനായിരിക്കെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരേ ജോലി ചെയ്ത സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. മുഹമ്മദ് അഷ്‌റഫ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. യോഗ്യതകളെക്കുറിച്ചുള്ള പരാതികളും സ്ഥാപനത്തില്‍ കൈക്കൊണ്ട വഴിവിട്ട സാമ്പത്തിക നടപടികളും വിവാദമായതോടെയാണ് സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തു നിന്നു നീക്കിയത്.
വിദ്യാഭ്യാസ യോഗ്യതകളിലും മറ്റും സംശയം തോന്നിയ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷിന്‍സ് പീറ്ററുടെ ഇടപെലിനെ തുടര്‍ന്നാണ് അന്നത്തെ പട്ടികവര്‍ഗ ക്ഷേമമന്ത്രി എ പി അനില്‍ കുമാര്‍ നടപടിയെടുത്തത്. കെല്‍പാം എംഡി ആയിരിക്കെ സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പ്ലാന്‍ ഫണ്ടില്‍ നിന്നു ചെലവഴിച്ച 10 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it