palakkad local

സഹകരണ ബാങ്ക് പ്യൂണ്‍ നിയമന പരീക്ഷ തടസ്സപ്പെടുത്തി

പാലക്കാട്: കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് സഹകരണ ബാങ്ക് പ്യൂണ്‍ നിയമന പരീക്ഷാ ഹാള്‍  യൂത്ത് കോണ്‍ഗ്രസ് പാലക്കാട്, മലമ്പുഴ  നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഉപരോധം. സമരത്തെ തുടര്‍ന്ന് പരീക്ഷാ നിര്‍ത്തിവച്ചു.
മോയന്‍ എല്‍പി സ്‌കൂളിലാണ് പ്യൂണ്‍ നിയമന പരീക്ഷയ്ക്കായി ഉദ്യോഗാര്‍ഥികളെത്തിയത്. നാല് പ്യൂണ്‍ തസ്തിക ഒഴിവിലേക്കാണ് പരീക്ഷ നടന്നത്.  എന്നാല്‍, നാല് പ്യൂണ്‍ തസ്തികയും വന്‍ തുക കോഴ വാങ്ങി നിയമനം നേരത്തെ നടത്തിയിരുന്നുവെന്നും പരീക്ഷ പഹസനമാണെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത ആരോപിച്ചു.
ഓരോ നിയമനത്തിനും 27 ലക്ഷം രൂപ കോഴ വാങ്ങിയാണ് നിയമിച്ചതെന്നും ബോബന്‍ മാട്ടു മന്ത പറഞ്ഞു. നാല് പ്യൂണ്‍ നിയമനത്തിലേക്കായി 140 പേരാണ് പരീക്ഷ എഴുതാനായി എത്തിയത്.
പരീക്ഷാ തിയതിക്കു തലേ ദിവസം തന്നെ ബന്ധപ്പെട്ടവര്‍ക്ക് ചോദ്യ പേപ്പര്‍ മുന്‍കൂട്ടി നല്‍കിയാണ് പരീക്ഷ നടത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉപരോധം തുടര്‍ന്നതിനാല്‍ ഉദ്യാഗാര്‍ഥികള്‍ക്ക് പരീക്ഷ പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരീക്ഷ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷക്രമക്കേടിനെതിരെ ഡിസിസിക്കും സഹകരണ റജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസും അറിയിച്ചു. സമരത്തിന് അനില്‍ബാലന്‍, ഹരിദാസ് മച്ചിങ്ങല്‍, റിജേഷ്‌സൗമ്യ, വിനേഷ്, ബഷീര്‍ പൂച്ചിറ, സദ്ദാം, ദിലീപ് മാത്തൂര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it