palakkad local

സഹകരണ ബാങ്ക് നിയമനം: കോണ്‍ഗ്രസ്സില്‍ പടപ്പുറപ്പാട്

പാലക്കാട്: പാലക്കാട് സഹകരണ ബാങ്ക് പ്യൂണ്‍ നിയമനത്തില്‍ അഴിമതിയാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരീക്ഷ തടസ്സപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പടപ്പുറപ്പാട്. കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പരീക്ഷ തടസ്സപ്പെടുത്തിയ സംഭവത്തില്‍ ഗുഡാലോചന നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ചിലരുടെ അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും വഴിവിട്ട സംഘടന രീതിക്കുമെതിരെ നിലപാട് സ്വീകരിച്ചതും നഗരസഭയില്‍ ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചതും ചിലരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് ശ്രീകണ്ഠന്‍ തുറന്നടിച്ചു. ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിലെ ചിലര്‍ ഇതിന് പിന്നിലുണ്ട്. ഇവരുടെ ചട്ടുകമാവുകയായിരുന്നു പരീക്ഷയ്‌ക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു. ബാങ്കിലെ നിയമനങ്ങളെ കുറിച്ചോ നടപടിക്രമങ്ങളെ കുറിച്ചോ നേതൃത്വത്തിന് പരാതി നല്‍കാതെ സമരത്തിനിറങ്ങിയവര്‍ കോണ്‍ഗ്രസിന്റെ പ്രതിയോഗികളുടെ ചട്ടുകമാവുകയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ബാങ്ക് നിയമന നടപടിക്രമങ്ങള്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക്, സമരക്കാരുടെ പാര്‍ട്ടി വിരുദ്ധ നടപടി, ഇതിന് പിന്നിലെ ഗുഡാലോചന എന്നിവയെ കുറിച്ച് അന്വേഷക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ കെ ശ്രീനിവാസന്‍, പി വി മുഹമ്മദലി, സി അച്യുതന്‍ തുടങ്ങിയവര്‍ അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ റിപോര്‍ട്ടിനനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കും. എനിക്കെതിരെ വ്യക്തിപരമായി വിമര്‍ശമുന്നയിക്കുന്ന ബിജെപി നേതാക്കള്‍, ആദ്യം നഗരസഭയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണം.
ബാങ്ക് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ തന്റെ രക്തബന്ധുക്കളില്‍പ്പെട്ട ആരെങ്കിലുമുണ്ടോയെന്ന് ആരോപണം ഉന്നയിച്ചവര്‍ തെളിയിക്കണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. പി വി രാജേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസമാണ് നാല് പ്യൂണ്‍ ഒഴിവിലേക്ക് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, നാല് തസ്തികയും വന്‍ തുക കോഴ വാങ്ങി നിയമനം നേരത്തെ നടത്തിയിരുന്നുവെന്നും പരീക്ഷ പഹസനമാണെന്നും ആരോപിച്ചായിരുന്നു പരീക്ഷ തടസ്സപ്പെടുത്തിയത്.
Next Story

RELATED STORIES

Share it