സഹകരണ ജീവനക്കാരുടെ ഭവനനിര്‍മാണ വായ്പാ പരിധി 20 ലക്ഷമാക്കി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ജീവനക്കാരുടെ ഭവനനിര്‍മാണ വായ്പാ പരിധി 10 ലക്ഷം രൂപയില്‍ നിന്നും 20 ലക്ഷം രൂപയായും ഓവര്‍ഡ്രാഫ്റ്റ് ഒരു ലക്ഷം രൂപയില്‍ നിന്നും 3 ലക്ഷം രൂപയുമായി വര്‍ധിപ്പിച്ചുകൊണ്ട് സഹകരണ രജിസ്ട്രാര്‍ ഉത്തരവായി.
ജീവനക്കാര്‍ക്ക് നല്‍കാവുന്ന വായ്പയുടെ പരിധി ബാങ്കിന്റെ സ്വന്തം ഫണ്ടിന്റെ 15 ശതമാനം എന്നതില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കമ്മീഷന്‍ വ്യവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 2015 ജൂലൈ 14ന് മുമ്പ് നിയമിക്കപ്പെട്ടിട്ടുള്ളവരും നാളിതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ലാത്തതുമായ നിക്ഷേപ വായ്പാ കലക്്ഷന്‍ ഏജന്റുമാരേയും അപ്രൈസര്‍മാരേയും ജോയിന്റ് രജിസ്ട്രാര്‍മാരുടെ അനുവാദത്തോടെ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്നതിനും ഉത്തരവായിട്ടുണ്ട്.
യൂനിയന്‍ നേതാക്കള്‍ സഹകരണ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരത്തിനാധാരമായി ഉന്നയിച്ച ചില പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരത്ത് സഹകരണ രജിസ്ട്രാര്‍ ഓഫിസിന് മുന്നിലേക്കും മറ്റ് ജില്ലകളില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസുകളിലേക്കും നടത്താന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധമാര്‍ച്ചും ധര്‍ണയും മാറ്റിവച്ചതായി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ മോഹന്‍ദാസും ജനറല്‍ സെക്രട്ടറി വി എ രമേഷും അറിയിച്ചു.
Next Story

RELATED STORIES

Share it