സഹകരണമേഖലയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചു: മുഖ്യമന്ത്രി

കണ്ണൂര്‍: സഹകരണ മേഖലയുടെ ഏറ്റവും വലിയ മൂലധനമായ വിശ്വാസ്യതയെയാണ് നോട്ട് നിരോധനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട്‌നിരോധനം സഹകരണ മേഖലയ്ക്കു വന്‍ പ്രതിസന്ധിയാണുണ്ടാക്കിയത്.  2015 ലെ ഇക്കണോമിക് റിവ്യൂവില്‍ പരാമര്‍ശിച്ച മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ 558 എണ്ണം ഇതോടെ നഷ്ടത്തിലായി. 30 എണ്ണം പൂട്ടിയതുപോലെയായി. 34 എണ്ണം ലിക്വിഡേഷന്‍ വക്കിലെത്തി. 1.5 ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം. ഇതിനെ വലിയതോതില്‍ പിന്നോട്ടടിപ്പിക്കാനും തകര്‍ക്കാനുമാണു ശ്രമിച്ചത്. എന്നാല്‍ സഹകാരികള്‍ക്കും സഹകരണ മേഖലയ്ക്കും ഒന്നിച്ച് നില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രത്യേകത. എന്നാലും ദുര്‍ബലമായ ചില വ്യത്യസ്ത സ്വരങ്ങള്‍ ഉയര്‍ന്നുവെന്നത് കാണാതിരിക്കരുത്. എന്താണ് അതിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. എന്തായാലും സഹകരണ മേഖലയെ ശരിയായി മുന്നോട്ടു നയിക്കുകയായിരുന്നില്ലെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാരുകളെല്ലാം സഹകരണ മേഖലയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആഗോളവല്‍ക്കരണത്തോടെ പ്രകടമായ മാറ്റമുണ്ടായി. ഇപ്പോള്‍ ആരോഗ്യകരമായ സഹകരണമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ളത്. ഇടപാടുകാരെ ചൂഷണംചെയ്യുകയെന്ന സമീപനം സഹകരണ ബാങ്കുകള്‍ക്കില്ല. സഹകരണ ബാങ്കിനെ കേരള ബാങ്ക് എന്ന നിലയില്‍ കൂടുതല്‍ കരുത്തുള്ള സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ നിലവിലുള്ള ത്രിതല സംവിധാനത്തിനു പകരം ദ്വിതല സംവിധാനത്തിലേക്കു മാറും. ഇതിനെ കുറിച്ച് ആശങ്കകളൊന്നും വേണ്ട. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സഹകരണ ബാങ്ക് വഴി നല്‍കുന്ന പദ്ധതിയാണു തയ്യാറാക്കുന്നത്. അതാത് സ്ഥലങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് അവിടെ തന്നെ നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണയായെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it