palakkad local

സര്‍വേ മെയ് 15നകം പൂര്‍ത്തിയാക്കും; മുഴുവന്‍ തുകയും അനുവദിക്കുമെന്ന് നബാര്‍ഡ്‌

കൊല്ലങ്കോട്: സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിലെ അത്തിക്കുണ്ടില്‍ നിന്നും വെള്ളം പെന്‍സ്‌റ്റോക്ക് പൈപ്പ് വഴി മീങ്കര  ചുള്ളിയാര്‍ ഡാമിലെത്തിക്കുന്ന സീതാര്‍കുണ്ട് പദ്ധതിക്ക് വെളിച്ചം കാണുന്നു.
മെയ് പതിനഞ്ചിനുള്ളില്‍ സര്‍വ്വേ ജോലികള്‍ പൂര്‍ത്തീകരിക്കാനും നിര്‍മാണ അനുമതി ലഭിക്കുന്നതിനായി ജലസേചന വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ഇന്നലെ കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് മീറ്റിങ്ങ് ഹാളില്‍ കെ ബാബു എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജലസേചന വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത് പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തി. പദ്ധതി നടപ്പിലാകുന്നതോടെ നാല് പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ളം മുടക്കമില്ലാതെ നല്‍കാനാകുമെന്നും വെള്ളമില്ലാതെ കാര്‍ഷികവൃത്തി ഉപേക്ഷിച്ച കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും യോഗം വിലയിരുത്തി.
വെള്ളത്തിന്റെ ലഭ്യത കൂടുന്നതോടെ കിഴക്കന്‍ മേഖലയായ വടകരപ്പതി വരെ വെള്ളം എത്തിക്കാന്‍ കഴിയും. പദ്ധതി നടപ്പില്‍ വരുന്നതിന് സര്‍ക്കാര്‍ ഭാഗത്തു നിന്നും അനുകൂല തീരുമാനമാണ് ലഭിച്ചിട്ടുള്ളതെന്ന് കെ ബാബു എംഎല്‍എ പറഞ്ഞു. വെള്ളച്ചാട്ടത്തില്‍ നിന്നും പൈപ്പ് വഴി വെള്ളം ഡാമിലെത്തിക്കുന്ന പദ്ധതിയിക്ക് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായി അപേക്ഷ നല്‍കും. കാര്‍ഷികാവശ്യത്തിനായി ഉതകുന്ന പദ്ധതിക്ക് നൂറ് ശതമാനം ഫണ്ട് അനുവദിക്കാന്‍ തയ്യാറാണെന്ന് യോഗത്തില്‍ നബാര്‍ഡ് പാലക്കാട് എജിഎം രമേഷ് വേണുഗോപാല്‍ അറിയിച്ചു.
ഒരു വര്‍ഷത്തില്‍ നെല്ലിയാമ്പതി മലനിരയിലെ വെള്ളച്ചാട്ടത്തില്‍ നിന്നും 44 ദശലക്ഷം ഘന അടിവെള്ളമാണ് ഒഴികിപോകുന്നതെന്നും തുലാവര്‍ഷത്തില്‍ മാത്രം 25 ദശലക്ഷം ഘന അടി വെള്ളം ഒഴുകുന്നതായും ജലസേചന വകുപ്പ് ഉദ്യോഗസസ്ഥര്‍ പറഞ്ഞു.
ജലസേവന വിഭാഗം പിഎപി ജോയന്റ് ഡയറക്ടര്‍ പി സുധീര്‍.ചിറ്റൂര്‍പ്പുഴ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ് സുധീര്‍. ചിറ്റൂര്‍ സബ് ഡിവിഷന്‍ ഇറിഗേഷന്‍ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കിരണ്‍ എബ്രഹാം തോമസ്. ശിരുവാണിപ്രാജക്റ്റ് സീനിയര്‍ എഞ്ചിനീയര്‍ വി ഷണ്‍മുഖന്‍, ബ്ലോക്ക് പ്രസിഡന്റ് ശാരദ തുളസീദാസ് പഞ്ചായത്ത് പ്രസിഡന്റുമാരായ ശാലിനി കറുപ്പേഷ്, സൈരത്രിമോഹന്‍ ദാസ്, സുധ രവീന്ദ്രന്‍, ബേബിസുധ, ഗീത, രമാധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it