wayanad local

സര്‍വേ നടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനം

മാനന്തവാടി: വയനാട്-മാനന്തവാടി വഴി കടന്നുപോവുന്ന തലശ്ശേരി-മൈസൂരു റെയില്‍പാതയ്‌ക്കെതിരേ ഉയര്‍ന്ന പരാതികള്‍ അവഗണിച്ച് മുന്നോട്ടുപോവാന്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബോര്‍ഡിന്റെ തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് സര്‍വേ നടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്. നേരത്തെ ഡെല്‍ഹി മെട്രോ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പഠനം നടത്തിയ പാതയ്ക്കു വേണ്ടി വീണ്ടും സര്‍വേ നടത്താന്‍ കൊങ്കണ്‍ റെയില്‍വേ  കോര്‍പറേഷനെ ഏല്‍പ്പിച്ചതിനെതിരേ നിരവധി പരാതികള്‍ സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഡിഎംആര്‍സിയുടെ സര്‍വേ സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് മലനിരകള്‍ നിറഞ്ഞ കൊങ്കണ്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കിയ കോര്‍പറേഷനെ ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏറെ പ്രതീക്ഷ വച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനിനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയതിലുള്ള പ്രതിഷേധമാണ് പരാതികള്‍ക്കു കാരണമെന്നും ആക്ഷേപമുണ്ട്. മൈസൂരു-തലശ്ശേരി പാതയ്‌ക്കെതിരേ സുല്‍ത്താന്‍ ബത്തേരി ലോബി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. നേരത്തെ നടത്തിയ പ്രാഥമിക സര്‍വേയില്‍ നാഗര്‍ഹോള വന്യജീവി സങ്കേതത്തിലൂടെയായിരുന്നു പാത കടന്നുപോവുന്നത്. ദൂരക്കൂടുതലും പാരിസ്ഥികാനുമതി ലഭിക്കുന്നതിനുള്ള സാധ്യതക്കുറവും ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ ഇതിനോട് വിയോജിച്ചു. പിന്നീട് നാഗര്‍ഹോള വന്യജീവി സങ്കതം ഒഴിവാക്കി പകരമായി തൃശ്ശിലേരി, കുട്ട, കുശാല്‍നഗര്‍, ശ്രീമംഗള, തിത്തിമത്തി, പെരിയപട്ടണം വഴി റെയില്‍പാതയ്ക്കുള്ള രൂപരേഖ കര്‍ണാടകയ്ക്ക് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ ഇത് അംഗീക്കുകയുമായിരുന്നു. ഇതുപ്രകാരം ഡിപിആര്‍ തയ്യാറാക്കാന്‍ 1.5 കോടി രൂപയ്ക്ക് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനുമായി ധാരണയിലെത്തുകയും പ്രാരംഭ നടപടികള്‍ക്കു ശേഷം സര്‍വേ ആരംഭിക്കാനിരിക്കെയാണ് എതിര്‍പ്പുമായി ചിലര്‍ രംഗത്തുവന്നത്. ചീഫ് സെക്രട്ടറി കെ എം അബ്രഹാം, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍, ധനകാര്യ സെക്രട്ടറി കെ എം ജോഷി, കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി അജിത്കുമാര്‍, ബോര്‍ഡംഗം ടോമി സിറിയക് എന്നിവരാണ് ഇന്നലെ യോഗം ചേര്‍ന്നു സര്‍വേ നടപടികള്‍ക്കായി പണം അനുവദിച്ചു നല്‍കാന്‍ തീരുമാനമെടുത്തത്. 31നകം സര്‍വേ റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. റിപോര്‍ട്ട് ലഭിച്ചാല്‍ ബജറ്റില്‍ പണമനുവദിക്കാമെന്നു റെയില്‍വേ ബോര്‍ഡില്‍ നിന്നും ഉറപ്പുലഭിച്ചതായാണ് സൂചന. 206 കിലോമീറ്ററോ അതില്‍ കുറവോ ദൂരമാണ് പാതയ്ക്ക് പ്രതീക്ഷിക്കുന്നത്. ഏഴുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it