സര്‍വേ നടപടികളുമായി ധനവകുപ്പ്

ആലത്തൂര്‍: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണവും 2011ലെ സെന്‍സസ് കണക്കനുസരിച്ച് 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടാത്തതിനെ തുടര്‍ന്ന് ഗുണഭോക്താക്കളെക്കുറിച്ച് സര്‍വേ നടത്താന്‍ ധനവകുപ്പ് തീരുമാനം. ഇതിനായി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനെ നാലുമാസത്തിനകം സര്‍വേ നടത്താന്‍ ധനവകുപ്പ് ചുമതലപ്പെടുത്തി.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച് 2010-11 മുതല്‍ 2014-15 കാലയളവു വരെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പഠനത്തില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ 12 ശതമാനം പേരും അനര്‍ഹരാണെന്നും അര്‍ഹരായ 15 ശതമാനം പേര്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വേ നടത്താന്‍ ധനവകുപ്പ് തീരുമാനിച്ചത്.
സംസ്ഥാനത്ത് നിലവില്‍ 42.5 ലക്ഷത്തിലധികംപേര്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും 10 ലക്ഷത്തിലധികംപേര്‍ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും വാങ്ങുന്നുണ്ട്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 60 വയസ്സില്‍ കൂടുതലുള്ളവരുടെ ജനസംഖ്യ 42.88 ലക്ഷമാണ്. ഇതില്‍ സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നവരുടെയും വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ കൂടുതലുള്ളവരുടെയും എണ്ണം കുറച്ചാലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
പെന്‍ഷന്‍ തുക ഗണ്യമായി ഉയര്‍ന്നതിനാല്‍ അര്‍ഹരായവര്‍ മാത്രമേ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനാണ് സാംപിള്‍ സര്‍വേ നടത്താന്‍ ധനവകുപ്പ് തീരുമാനിച്ചത്. ഇതിനായി ഗുണഭോക്താക്കളുടെ മക്കളുടെ വരുമാനം, വീടിന്റെ വിവരങ്ങള്‍, വൈദ്യുതി തുക, തൊഴില്‍, വാഹനങ്ങളുടെ വിശദാംശങ്ങള്‍, രോഗാവസ്ഥ തുടങ്ങി 14 വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തുന്നത്.
തുടക്കത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍, കളമശ്ശേരി, വടകര മുനിസിപ്പാലിറ്റികള്‍, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ടുവീതം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടത്തുന്നത്.
Next Story

RELATED STORIES

Share it