kozhikode local

സര്‍വേ തടഞ്ഞു; ഭൂവുടമകള്‍ പ്രക്ഷോഭം സംഘടിപ്പിക്കും

വടകര: നിര്‍ദ്ദിഷ്ട തലശ്ശേരി മാഹി ബൈപ്പാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ സ്ഥലമെടുപ്പ് സര്‍വ്വേ നടപടികള്‍ തടഞ്ഞു. ചൊവ്വാഴ്ച 12 മണിയോടെ വടകര ലാന്റ് അക്യൂസിഷന്‍ തഹസില്‍ദാരുടെ ഓഫീസില്‍ നിന്നെത്തിയ ആറംഗ റവന്യു ഉദ്യോഗസ്ഥ സംഘത്തെയാണ് തടഞ്ഞത്.
വിപണി വിലയും, പുനരധിവാസവും മുന്‍കൂര്‍ ലഭിക്കാതെ ഒരു സര്‍വ്വേയും നടത്താന്‍ അനുവദിക്കില്ലെന്ന് സ്ഥലത്തെത്തിയ അഴിയൂര്‍ ബൈപ്പാസ് കര്‍മ്മസമിതി നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഏറേനേരം  ഉദ്യോഗസ്ഥരും, കര്‍മ്മസമിതി നേതാക്കളും തമ്മില്‍ തര്‍ക്കവും നടന്നിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഒടുവില്‍ സര്‍വ്വേ നിര്‍ത്തുകയായിരുന്നു.
സമരത്തിന്റെ ഭാഗമായി ലാന്റ് അക്യൂസിഷന്‍ ഓഫീസില്‍ നടന്ന രേഖ സമര്‍പ്പണം ഭൂവുടമകള്‍ ബഹിഷ്‌കരിച്ചിരുന്നു. വിപണി വിലയ്ക്കും, പുനരധിവാസത്തിനും സമരംചെയ്യുന്ന സംഘടനകളുമായി അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കര്‍മ്മസമിതി സംസ്ഥാന-ജില്ലാ നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് വിലയും പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ അധികൃതരുടെയും ദേശീയപാതയ അതോറിറ്റിയുടെയും നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നിര്‍ദിഷ്ട തലശേരി-മാഹി ബൈപാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ യോഗം തീരുമാനിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി രണ്ടിന് ഉച്ചയ്ക്ക് 2.30 മുതല്‍ അഴിയൂര്‍ ചുങ്കത്ത് പ്രതിഷേധസംഗമം നടത്തും. കക്കടവ് മുതല്‍ അഴിയൂര്‍ വരെ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ 87 കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. യോഗത്തില്‍ കര്‍മസമിതി അഴിയൂര്‍ ബൈപാസ് കമ്മിറ്റി പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പികെ കുഞ്ഞിരാമന്‍, ഷുഹൈബ് അഴിയൂര്‍, എം റാസിഖ്, രാജേഷ് അഴിയൂര്‍, കെപി ഫര്‍സല്‍, പികെ നാണു സംസാരിച്ചു.
Next Story

RELATED STORIES

Share it