Alappuzha local

സര്‍വീസ് നിര്‍ത്തി: ജങ്കാര്‍ ഏജന്‍സിക്കെതിരേ നിയമനടപടി സ്വീകരിക്കും

പൂച്ചാക്കല്‍: പാണാവള്ളി-പെരുമ്പളം റൂട്ടിലെ ജങ്കാര്‍ സര്‍വീസ് രണ്ടുദിവസം നിര്‍ത്തിയ ജങ്കാര്‍ ഏജന്‍സിയായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനെതിരെ (കെഎസ്‌ഐഎന്‍സി) നിയമ നടപടി സ്വീകരിക്കുമെന്നു പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെഎസ് ഷിബു, വൈസ് പ്രസിഡന്റ് ഗീത സന്തോഷ്, പഞ്ചായത്ത് അംഗം പെരുമ്പളം ജയകുമാര്‍ എന്നിവര്‍ പറഞ്ഞു. ദ്വീപ് നിവാസികളുടെ ജീവിതം ദുഷ്‌ക്കരമാക്കിയാണ് അവശ്യ സര്‍വീസായ ജങ്കാര്‍ നിര്‍ത്തിയത്.
വാടക കുടിശിക കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചു പഞ്ചായത്ത് ഭരണസമിതിയെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടിലെ തുക ചെലവഴിച്ച് കെഎസ്‌ഐഎന്‍സിയാണ് ഐശ്വര്യം എന്ന പേരില്‍ ജങ്കാര്‍ നിര്‍മിച്ചു നല്‍കിയത്. അത് സ്ഥിരമായി തകരാറായതിനെ തുടര്‍ന്ന് മറ്റൊന്ന് കെഎസ്‌ഐഎന്‍സി പഞ്ചായത്തിന് നല്‍കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഐശ്വര്യം ജങ്കാര്‍ കെഎസ്‌ഐഎന്‍സിയ്ക്കു കൈമാറുന്നതിന് തീരുമാനിച്ചിരുന്നു. ഐശ്വര്യം ജങ്കാറിന് പകരമായി ഓടിയ ജങ്കാറിന്റെ അതുവരെയുള്ള വാടകയില്‍ 70 ശതമാനം പഞ്ചായത്ത് നല്‍കാനും 30 ശതമാനം ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. മറ്റു ജങ്കാറുകളെക്കാള്‍ ചെലവ് കൂടിയ ഐശ്വര്യം ജങ്കാര്‍ സര്‍വീസ് നടത്തുന്നതില്‍ ഗ്രാമപഞ്ചായത്തിന് നഷ്ടമുള്ള പണം ഗ്രാന്റായി നല്‍കാമെന്നും മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതൊന്നും മനസിലാക്കാതെയാണ് കെഎസ്‌ഐന്‍സി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ 16 വരെ ജങ്കാര്‍ കരാറുകാരനില്‍ നിന്നും പ്രതിദിനം പഞ്ചായത്തിന് ലഭിച്ച 9109 രൂപയില്‍ 9100 രൂപയും കെഎസ്‌ഐഎന്‍സിയ്ക്ക് ഗ്രാമപഞ്ചായത്ത് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it