ernakulam local

സര്‍വീസ് കരാര്‍ കെഎസ്‌ഐഎന്‍സിയ്ക്ക് നല്‍കാന്‍ തീരുമാനം

കൊച്ചി: കോര്‍പ്പറേഷന്‍ പരിധിയിലെ ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി നഗരസഭാ ആവിഷ്‌കരിച്ച സ്വപ്‌ന പദ്ധതിയായ റോ റോ വെസലുകളുടെ സര്‍വീസ് കരാര്‍ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന് (കെഎസ്‌ഐഎന്‍സി) തന്നെ നല്‍കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
നടത്തിപ്പും ദൈനംദിന ചിലവുകള്‍ക്കും ശേഷം കിട്ടുന്ന ലാഭം ഇരുകൂട്ടരും തുല്യമായി വിതിക്കുന്ന വ്യവസ്ഥയില്‍  കരാര്‍ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. അതോടൊപ്പം ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങളുടെ നിരക്കില്‍ വര്‍ധനവ് വരുത്തണമെന്ന കരാര്‍ ഏജന്‍സിയുടെ ആവശ്യവും ഭരണസമിതി അനുവദിച്ചു.
മുഖ്യമന്ത്രിക്കുകൂടി സൗകര്യപ്രദമായ ദിവസം ഉദ്ഘാടനം നടത്തി സര്‍വീസ് ആരംഭിക്കുമെന്ന് മേയര്‍ അറിയിച്ചു. സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ നിബന്ധനകളാണ് കെഎസ്‌ഐഎന്‍സി മുന്നോട്ട് വെച്ചിരുന്നത്. ഇക്കാര്യത്തില്‍ ഫിനാന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശകളും ഇന്നലെ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു.
ലാഭത്തിന്റെ 50 ശതമാനം കരാര്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നതിനാല്‍ ഒരു വിധത്തിലുള്ള ചിലവുകളും കോര്‍പറേഷന്‍ വഹിക്കേണ്ടതില്ലെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍, മൂന്നു വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ട ഡ്രൈഡോക്ക് ഒഴികെ മറ്റെല്ലാ ചിലവുകളും കരാര്‍ എജന്‍സിയെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ തീരുമാനമെടുത്തു. നിലവില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് 9.30 വരെ 16 മണിക്കൂര്‍ കിട്ടത്തക്ക വിധമാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. 25 മിനിറ്റ് ഇടവേളയില്‍ ഇരു വശത്തുനിന്നും സര്‍വീസ് ഉണ്ടാകും.
ദിവസം 60 മുതല്‍ 64 സര്‍വീസ് വരെയാണ് ലക്ഷ്യംവയ്ക്കുന്നത്. യാത്രക്കാര്‍ ഏറെയുള്ള സമയങ്ങളില്‍ സമാന്തരമായി ബോട്ട് സര്‍വീസും ഉണ്ടാകും. റോ റോ വരുമ്പോള്‍ ബോട്ട് സര്‍വീസ് നഷ്ടത്തിലാകുമെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാത്ര സൗകര്യമെന്ന നിലയില്‍ ബോട്ട് സര്‍വീസ് തുടരാനാണ് കരാര്‍ കമ്പനിയുടെ തീരുമാനം. റോറോയ്ക്ക്  കമ്പ്യൂട്ടര്‍ ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് കോര്‍പറേഷന്റെ നിര്‍ദേശം. എന്നാല്‍ തുടക്ക സമയത്ത് ഇത് ഏര്‍പ്പെടുത്തുവാന്‍ സാധിക്കുകയില്ലെന്ന നിലപാടിലാണ് കരാറുകാര്‍ക്ക് ഔദ്യോഗികമായി കരാര്‍ കൈമാറിയ ശേഷമേ കമ്പ്യൂട്ടര്‍വല്‍കൃത ടിക്കറ്റിങ്് സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിക്കുകയുള്ളു.
Next Story

RELATED STORIES

Share it