Gulf

സര്‍വീസ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഹില്‍ ഇന്റര്‍നാഷനലിന്

ദോഹ: ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്(എല്‍.എല്‍.ആര്‍.ടി) സര്‍വീസ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഹില്‍ ഇന്റര്‍നാഷണലിന്. 15.14 കോടി റിയാലിനാണ് സംയുക്ത സംരംഭമെന്ന നിലയില്‍ ഹില്‍ ഇന്റര്‍നാഷനലിന് കരാര്‍ ലഭിച്ചതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ പി പൗലിന്‍ അറിയിച്ചു. നാല് വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
ലുസൈല്‍ സിറ്റിയില്‍ ദിവസവും 4,50,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നാല് വരി ട്രാം സര്‍വീസ് ആണ് വിഭാവനം ചെയ്യുന്നത് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ട്രാമിന്റെ ടെലികമ്യൂണിക്കേഷന്‍സ്, സുരക്ഷ, ഓട്ടോമാറ്റിക് ടിക്കറ്റ് കലക്ഷന്‍ സംവിധാനം തുടങ്ങിവയുടെ കരാര്‍ ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ തേല്‍സിന് നേരത്തെ ലഭിച്ചിരുന്നു. ട്രാമിന്റെ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങളും അറ്റകുറ്റപ്പണിയുമാണ് കരാറിലുള്ളത്. ഫ്രഞ്ച് കമ്പനിയായ വിന്‍സിയും ഖത്തരി ഡയറും തമ്മിലുള്ള സംയുക്ത സംരംഭമായ ക്യുഡിവിസിക്കാണ് ലൈറ്റ് റയില്‍ പദ്ധതിയുടെ നിര്‍മാണത്തിന്റെ ചുമതല. ക്യുഡിവിസിയാണ് തേല്‍സിന് കരാര്‍ നല്‍കിയത്. 980 കോടി റിയാലാണ് കരാര്‍ തുക. 32 മീറ്റര്‍ നീളമുള്ള 35 ട്രാമുകളാണ് കമ്പനി ഒരുക്കുന്നത്.
2018ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ലുസൈല്‍ ലൈറ്റ് റയില്‍ സര്‍വീസിനായി ട്രാമുകള്‍ 2017 മുതല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
30.5 കിലോമീറ്റര്‍ നീളുന്ന നാല് റയില്‍ ലൈനുകളാണ് ലുസൈല്‍ ലൈറ്റ് റയില്‍ പദ്ധതിയിലുള്ളത്. ഇതില്‍ 19 കിലോമീറ്റര്‍ തറ നിരപ്പിലും ഒരു കിലോമീറ്റര്‍ ഉയരത്തിലുമാണ്. ഭൂഗര്‍ഭ പാത പത്തു കിലോമീറ്ററാണ്.
32 സ്‌റ്റേഷനുകളാണ് ട്രാം സര്‍വീസിലുണ്ടാകുക. ഇതില്‍ ഏഴെണ്ണം ഭൂഗര്‍ഭ സ്‌റ്റേഷനുകളായിരിക്കും. ദോഹ മെട്രോയിലേക്ക് ലൈറ്റ് റയില്‍ സംവിധാനത്തില്‍ നിന്ന് യാത്രക്കാര്‍ക്കു മാറിക്കയറാനും സംവിധാനമാരുക്കും.
ദോഹ മെട്രോ റെഡ് ലൈനുമായി പേളിലുള്ള സ്‌റ്റേഷന്‍ വഴിയും ലുസൈലിലെ പ്രധാന സ്‌റ്റേഷന്‍ വഴിയും ലുസൈല്‍ ലൈറ്റ് റയിലിനെ ബന്ധിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ സുബാഇ നേരത്തേ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it