Flash News

സര്‍വകലാശാല സ്വയം ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ : സെനറ്റ്-സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം



തേഞ്ഞിപ്പലം: സര്‍വകലാശാലയുടെ സ്വയംഭരണത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഇടപെടലിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ്-സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ നീക്കം. കാലിക്കറ്റില്‍ സെനറ്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും നോമിനേറ്റഡ് സിന്‍ഡിക്കേറ്റിനെ അവരോധിക്കുന്നതിനാണ് ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും ശ്രമം നടത്തുന്നത്. സെനറ്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടത്താനാവുകയുള്ളൂ. സെനറ്റ്-സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പുകള്‍ ലീഗ്-കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ പ്രതിനിധികളും കൂടി രണ്ടു സമിതികളിലും ഉണ്ടാവുമെന്നതിനാലാണ് ഈ രണ്ടു തിരഞ്ഞെടുപ്പുകളും നടത്താന്‍ ശ്രമിക്കാതെ ഇടതുപക്ഷാംഗങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് അധികാരമേല്‍ക്കുന്നതിന് ഇടതുപക്ഷ സംഘടനകള്‍ സമ്മര്‍ദതന്ത്രവും ഉപരോധസമരങ്ങളും സംഘടിപ്പിക്കുന്നത്.നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ബിജെപി അംഗങ്ങള്‍ വരുന്നതിനോട് സിപിഎമ്മില്‍ ഒരുവിഭാഗത്തിന് അനുകൂല സമീപനമാണുള്ളത്. ഇതിനുള്ള തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് വന്നാല്‍ മാത്രമേ യോഗം നടത്താന്‍ അനുവദിക്കൂവെന്ന പ്രഖ്യാപനവുമായി സമരത്തിനിറങ്ങുന്നത്. എന്നാല്‍, ഇടതുപക്ഷ പ്രഖ്യാപനത്തിനെതിരേ ലീഗ്-കോണ്‍ഗ്രസ് നേതാക്കളോ സംഘടനകളോ ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. ലീഗ് നോമിനികളായ വിസിയെയും രജിസ്ട്രാറെയും ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളെയും ഇടതുപക്ഷ ഭീഷണിയില്‍ നിന്നു സംരക്ഷിക്കുന്നതിനു ലീഗും പോഷകസംഘടനകളും രംഗത്തെത്താത്തതും സിപിഎമ്മിന് അനുകൂല ഘടകമാണ്. കോണ്‍ഗ്രസ് നോമിനിയായ പിവിസി, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ക്കു വേണ്ടിയും കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങളുടെ സംരക്ഷണത്തിനുമെതിരേ കോണ്‍ഗ്രസ് പുറംതിരിഞ്ഞു നില്‍ക്കുന്നതും സര്‍വകലാശാലയില്‍ ഇടതുപക്ഷ സമരങ്ങള്‍ക്ക് വീര്യം പകര്‍ന്നിട്ടുണ്ട്. ഈ മാസം 20ന് മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിനു പോലിസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഭരണപ്രതിസന്ധിയാല്‍ വിദ്യാര്‍ഥികളുടെ ഭാവിയാണ് അവതാളത്തിലാവുക.
Next Story

RELATED STORIES

Share it