സര്‍വകലാശാല പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ തീവ്ര ഇടതുപക്ഷം: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ തീവ്ര ഇടതുപക്ഷ സംഘടനകളാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഹാദിസ്റ്റുകളിലെ ഒരു ചെറുവിഭാഗവും ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിഐ ലേഖകനുമായി സംസാരിക്കുകയായിരുന്നു മന്ത്രി.ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച ഫെബ്രുവരി ഒമ്പതിലെ ചടങ്ങില്‍ മുഖംമൂടിയണിഞ്ഞ് ചില ജിഹാദികള്‍ പങ്കെടുത്തിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയെതുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തില്‍ അനാവശ്യമായി ബി ആര്‍ അംബേദ്കറുടെ പേര് ഉപയോഗിക്കുകയായിരുന്നു. രണ്ടു സര്‍വകലാശാലകളിലേയും പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സംവാദങ്ങളില്‍ മതന്യൂനപക്ഷ നേതാക്കള്‍ പങ്കെടുക്കാത്തതില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തീവ്ര ഇടതുപക്ഷ വിഭാഗത്തിന്റെ കെണിയില്‍ കോണ്‍ഗ്രസ്സുകാരും മിത ഇടതുപക്ഷക്കാരും പെട്ടുപോവുകയായിരുന്നു. ബിജെപി ഈ പ്രശ്‌നത്തെ പ്രത്യയശാസ്ത്രപരമായ വെല്ലുവിളിയായിട്ടാണെടുത്തത്. ആദര്‍ശ സംവാദത്തിന്റെ ആദ്യഘട്ടത്തില്‍ ബിജെപി ജയിച്ചിരിക്കുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.ഭാരത് മാതാകീ ജയ് വിളിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും എന്നാല്‍, ആ മുദ്രാവാക്യത്തെ ചിലര്‍ എതിര്‍ക്കുകയും വിളിക്കുകയില്ലെന്ന് പറയുകയും ചെയ്യുമ്പോഴാണ് അത് പ്രശ്‌നമാവുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപ്രശ്‌നമാണെന്നും അതിനെപ്പറ്റി സംസാരിക്കാന്‍ തയ്യാറല്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.
Next Story

RELATED STORIES

Share it