malappuram local

സര്‍വകലാശാല നടപടിപുനപ്പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: കാലിക്കറ്റ്് സര്‍വകലാശാലയുടെ ഡേകെയര്‍ സെന്ററില്‍ പതിമൂന്നു വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരിയെ മകളുടെ പ്രസവത്തിനു അവധിയെടുത്തതിന്റെ പേരില്‍ പിരിച്ചുവിട്ട നടപടി പുനപ്പരിശോധിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തേഞ്ഞിപ്പലം ചെമ്പേക്കാട് സ്വദേശിനി സി ശാന്തകുമാരി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. പരാതിക്കാരിയോടു സര്‍വകലാശാലയുടെ ഉന്നത ഭരണസമിതി മുമ്പാകെ ഹരജി നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സ്വാഭാവികനീതിയും സാമൂഹികനീതിയും ഉറപ്പാക്കി ഉചിത തീരുമാനമെടുക്കണമെന്നു കമ്മീഷന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.
തീരുമാനം മൂന്നു മാസത്തിനകം എടുക്കണം. പരാതിക്കാരി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായതിനാല്‍ വര്‍ഷം 12 അവധിയൊഴികെ മറ്റൊരു അവധി ആനുകൂല്യത്തിനും അര്‍ഹതയില്ലെന്നാണ് സര്‍വകലാശാലാ രജിസ്ട്രാറുടെ നിലപാട്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവര്‍ക്കു ഒരാനുകൂല്യത്തിനും അര്‍ഹതയില്ലെന്ന സര്‍വകലാശാലാ നിലപാട് ശരിയല്ലെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പരാതിക്കാരിയുടെ അപേക്ഷ തള്ളിയതായി സര്‍വകലാശാലയുടെ വിശദീകരണത്തില്‍ പറയുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് തീരുമാനമെടുക്കാനുള്ള അര്‍ഹതയും നിയമസാധുതയും പരിശോധിക്കണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രസവ ചികില്‍സയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കു ലോകോത്തരമായ സൗജന്യങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ളത്.
ഹൈക്കോടതി 2017 ഡിസംബര്‍ 21ന് തീര്‍പ്പാക്കിയ കേസിലെ പൊതുനിരീക്ഷണങ്ങള്‍ സര്‍വകലാശാല കണക്കിലെടുക്കണമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it