സര്‍വകലാശാല ഇന്റര്‍ സോണ്‍ കലോല്‍സവം അനിശ്ചിതത്വത്തില്‍; മല്‍സരാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെട്ടേക്കും

പി സി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്റെ കീഴിലുള്ള ഇന്റര്‍ സോണ്‍ കലോല്‍സവ നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ മല്‍സരാര്‍ഥികള്‍ക്കു ലഭിക്കേണ്ട ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുമെന്ന് ആശങ്ക.
പുതിയ അധ്യയന വര്‍ഷത്തില്‍ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കു ലഭിക്കണമെങ്കില്‍ ഈ മാസത്തിലെങ്കിലും ഇന്റര്‍ സോണ്‍ കലോല്‍സവം നടന്നിരിക്കണം. എന്നാല്‍, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ കെഎസ്‌യുവിന്റെ പ്രതിനിധികള്‍ കലോല്‍സവ നടത്തിപ്പുമായി സഹകരിക്കാത്തതാണ് കലോല്‍സവം അനിശ്ചിതത്വത്തിലാവാന്‍ കാരണം.
കെഎസ്‌യു- എംഎസ്എഫ് മുന്നണിയുടെ നിയന്ത്രണത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍. മുപ്പതു ലക്ഷത്തിലധികം രൂപയാണ് യൂനിയന്റെ വാര്‍ഷിക പ്രവര്‍ത്തന ഫണ്ട്. എംഎസ്എഫുകാരനായ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഇരുപത് ലക്ഷം രൂപയുടെ അഴിമതി ആരോപണം ചെയര്‍മാന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 28 മുതല്‍ സര്‍വകലാശാല കാംപസില്‍ വച്ചു നടക്കേണ്ടിയിരുന്ന ഇന്റര്‍ സോണ്‍ കലോല്‍സവം മാറ്റിവച്ചത്. നേരത്തെ അഴിമതി ഉന്നയിച്ച ചെയര്‍മാന്‍ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആരോപണം തെളിയിക്കാന്‍ എംഎസ്എഫുകാര്‍ കെഎസ്‌യുക്കാരെ വെല്ലുവിളിച്ചതോടെ ചെയര്‍മാന്‍ പിന്നീട് സര്‍വകലാശാലയിലേക്കു വരുന്നതിനോ ഫോണില്‍ സംസാരിക്കുന്നതിനോ തയ്യാറാവാതെ കടുത്ത നിലപാടുകളെടുത്തു. എംഎസ്എഫുകാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും ഫലമില്ലെന്നു കണ്ടതിനാല്‍ കെഎസ്‌യുവിന്റെ സഹായമില്ലാതെ കലോല്‍സവം ഒറ്റയ്ക്കു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ലീഗിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഏതെങ്കിലും കോളജില്‍ വച്ച് കലോല്‍സവം നടത്തുന്നതിനാണു തീരുമാനിച്ചിരിക്കുന്നത്. യൂനിയന്‍ ഫണ്ട് വിലപേശി വീതിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് കെഎസ്‌യു-എംഎസ്എഫ് വടംവലി ഉയര്‍ന്നിട്ടുള്ളത്.
അമ്പത് കുട്ടികള്‍ പഠിക്കുന്ന സ്വാശ്രയ കോളജില്‍ പോലും യുയുസിയെ തിരഞ്ഞെടുക്കാന്‍ അനുവദിച്ചതോടെയാണ് എംഎസ്എഫ്- കെഎസ്‌യു നിയന്ത്രണത്തിലേക്ക് വാഴ്‌സിറ്റി യൂനിയന്‍ എസ്എഫ്‌ഐയില്‍ നിന്നെത്തിയത്. ഇനി കെഎസ്‌യുക്കാര്‍ ഇല്ലെങ്കിലും എംഎസ്എഫ് കൗണ്‍സിലര്‍മാരെ കൊണ്ട് യൂനിയന്‍ നിലനിര്‍ത്താന്‍ ആവുമെന്നാണ് എംഎസ്എഫ് നേതാക്കളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it